ബിയര്‍ – വൈന്‍ പാര്‍ലറുകള്‍ പ്രവര്‍ത്തനം തുടങ്ങി

കൊച്ചി:  സംസ്ഥാനത്തെ പുതിയ മദ്യനയപ്രകാരം ബിയര്‍ –  വൈന്‍ പാര്‍ലര്‍ ലൈസന്‍സ് ലഭിച്ച ബാറുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു.   അപേക്ഷ നല്‍കിയതില്‍ 180 ബാറുകള്‍ക്കാണ് ലൈസന്‍സ് ലഭിച്ചിരിക്കുന്നത്. ബാക്കിയുള്ള ബാറുകളുടെ കാര്യത്തില്‍ രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകും. ആകെ 269 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്.  കഴിഞ്ഞ മാര്‍ച്ച് 31 ന് ലൈസന്‍സ് കാലവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് അടച്ച് പൂട്ടിയ 418 ബാറുകളില്‍ ബിയര്‍ വൈന്‍ പാര്‍ലര്‍ ലൈസന്‍സ് ലഭിച്ചവയാണ് പ്രവര്‍ത്തനം തുടങ്ങിയത്.

കഴിഞ്ഞ വ്യാഴാഴ്ച ലൈസന്‍സ് നടപടികള്‍ പൂര്‍ത്തിയായിരുന്നെങ്കിലും സ്‌റ്റോക്കില്ലാത്തതിനാല്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ച്ചയായുളള അവധി ദിവസങ്ങള്‍ക്ക് ശേഷം ബിവറേജസ് കോര്‍പ്പറേഷന്‍ ഗോഡൗണ്‍ തുറന്നതോടെയാണ് ബാറുടമകള്‍ക്ക് ബിയര്‍ വൈന്‍ പാര്‍ലര്‍ തുറക്കാന്‍ സാഹചര്യമൊരുങ്ങിയത്. ഉച്ചയോടെ ഹോട്ടലുകളില്‍ ബിയറും വൈനും എത്തിത്തുടങ്ങി.

അതേസമയം തുറന്ന് പ്രവര്‍ത്തിക്കുന്നവയിലും ബിയര്‍ – വൈന്‍ പാര്‍ലര്‍ ലൈസന്‍സിന് അപേക്ഷ നല്‍കിയിട്ടുളള ബാര്‍ ഹോട്ടലുകളിലും എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ ശുചിത്വ പരിശോധന തുടരും.

Top