ന്യൂയോര്‍ക്ക്: ബിസിനസ് ചെയ്യാന്‍ അനുയോജ്യമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് 93ാം സ്ഥാനം. ഫോബ്സ് മാഗസിന് തയ്യാറാക്കിയ 146 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയ്ക്ക് ഈ നേട്ടം. ഡെന്മാര്ക്കാണ് പട്ടികയില്‍ ഒന്നാമത്. ഹോങ്കോങ്, ന്യൂസീലന്റ്, അയര്‍ലന്റ്, സ്വീഡന് എന്നിവ യഥാക്രമം രണ്ടു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങള്‍ സ്വന്തമാക്കി.
നൂതന കണ്ടുപിടുത്തങ്ങള്‍, നികുതി, സാങ്കേതികവിദ്യ, അഴിമതി, വ്യക്തിവ്യാപാരസാമ്പത്തിക സ്വാതന്ത്ര്യം, ചുവപ്പു നാട, നിക്ഷേപകര്‍ക്കുള്ള സുരക്ഷ, ഓഹരി സൂചികയുടെ പ്രകടനം തുടങ്ങി പതിനൊന്ന് ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് മാഗസിന് പട്ടിക തയ്യാറാക്കിയത്.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യയുടെ വളര്‍ച്ച തൃപ്തികരമാണെങ്കിലും നിക്ഷേപത്തിന്റെയും സമ്പാദ്യത്തിന്റെയും കുറവ് പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് ഫോബ്സ് ചൂണ്ടിക്കാട്ടുന്നു. ദാരിദ്ര്യം, അഴിമതി, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അക്രമങ്ങളും വിവേചനവും, ഊര്‍ജ്ജോദ്പാദനം, ബൗദ്ധകസ്വത്തവകാശം തുടങ്ങിയ മേഖലകളില്‍ രാജ്യം കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ഫോബ്സ് നിര്‍ദ്ദേശിക്കുന്നു. കഴിഞ്ഞ വര്‍ഷം ദശാബ്ദത്തിലെ തന്നെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണ് രാജ്യം രേഖപ്പെടുത്തിയത്.
തുടര്‍ച്ചയായ മൂന്നാം വര്‍ഷവും പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയ പട്ടികയുടെ അവസാന റാങ്കില്‍ തന്നെയാണ്. മെക്സിക്കോ, കസാക്കിസ്ഥാന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ക്കു പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് നാലു സ്ഥാനങ്ങള്‍ പിറകോട്ടിറങ്ങിയ അമേരിക്ക ഇത്തവണ 18ാം റാങ്കാണ് നേടിയത്. തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് അമേരിക്ക പട്ടികയില്‍ പിന്നാക്കം പോകുന്നത്. 2009ല്‍ രണ്ടാം സ്ഥാനത്തായിരുന്നു അമേരിക്ക.