കൊച്ചി: രാജ്യത്തെ ഗോമാംസ വിവാദം പടര്‍ന്ന് കേരളത്തിലും അലയൊലിയുണ്ടാകുന്നത് കച്ചവടക്കാര്‍ക്കും ഭക്ഷണപ്രേമികള്‍ക്കും ഭീതിയും രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് ആശങ്കക്കും കാരണമാകുന്നു.
മിക്ക മത്സ്യ-മാംസ വില്‍പ്പനശാലകളിലും ഇതിനകം തന്നെ പശുവിന്റെ മാംസമല്ല പോത്തിന്റെ മാംസമാണെന്ന തരത്തിലുള്ള ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. കൊച്ചിയിലെ പ്രമുഖ മാളില്‍ കഴിഞ്ഞദിവസം മുതല്‍ ഇത്തരത്തിലുള്ള ബോര്‍ഡാണ് സ്ഥാപിച്ചിരിക്കുന്നത്.
നാട്ടിന്‍പുറങ്ങളിലടക്കം ഹോട്ടലുകളില്‍ ബീഫിന്റെ കാര്യമെത്തുമ്പോള്‍ സ്വല്‍പ്പം ആശങ്കയോടെയാണ് പല വെയ്റ്റര്‍മാരുടെയും മറുപടി. ഭക്ഷണം ആവശ്യപ്പെടുന്നവന്റെ ഉദ്യേശശുദ്ധി തിരിച്ചറിയാന്‍ പറ്റാത്തതാണ് ആശങ്കയ്ക്ക് കാരണം. ഇവിടെയും പോത്തിന്റെ കറിയും ഫ്രൈയുമാണെന്ന് പ്രത്യേക ബോര്‍ഡ് വയ്‌ക്കേണ്ട അവസ്ഥയിലാണ് ഹോട്ടലുടമകള്‍.
മാംസം വില്‍ക്കുന്ന ശാലകളിലെയും സ്ഥിതി വ്യത്യസ്തമല്ല. മാംസം വാങ്ങാനായി വരുന്നവരില്‍ തന്നെ പലരും ഗോമാംസമല്ലല്ലോ എന്ന് ചോദിച്ചാണ് ഓര്‍ഡര്‍ ചെയ്യുന്നതെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.
ഉത്തര്‍പ്രദേശില്‍ ഗോമാംസം സൂക്ഷിച്ചുവെന്ന് ആരോപിച്ച് ജനക്കൂട്ടം അമ്പതുകാരനെ തല്ലിക്കൊന്നതും ഇതില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തൃശൂര്‍ കേരളവര്‍മ്മ കോളെജില്‍ നടത്തിയ ബീഫ് ഫെസ്റ്റുമാണ് സംസ്ഥാനത്ത് വിവാദത്തിനിടയാക്കിയത്.
ഇതേ തുടര്‍ന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകരെ കോളെജ് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തതും തുടര്‍ന്ന് കോളെജിലെ അധ്യാപിക ബീഫ് ഫെസ്റ്റിനെ അനുകൂലിച്ച് പോസ്റ്റിട്ടതും സംഭവം കൂടുതല്‍ രൂക്ഷമാക്കി.
അധ്യാപികയ്‌ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ കോളെജ് അധികൃതരുടെ നടപടിക്കെതിരെ ഇടത് ചിന്തകരും സാംസ്‌കാരിക നായകരും രംഗത്തിറങ്ങിയതോടെ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ കത്തിപടരുകയായിരുന്നു.
ഗോമാംസം ഉപയോഗിക്കുന്നതിനെതിരെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ശക്തമായ നിലപാടാണ് സംസ്ഥാന വ്യാപകമായി സ്വീകരിച്ചിരിക്കുന്നത്.
പശുക്കളെ ഗോമാതാവായി സങ്കല്‍പ്പിച്ച് ആരാധിക്കുന്ന ഹൈന്ദവ സമൂഹത്തിനിടയില്‍ ‘നേട്ടം’ മുന്നില്‍ കണ്ടാണ് അവരുടെ കരുനീക്കം.
തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ ഭൂരിപക്ഷ സമുദായ അംഗങ്ങളിലെ വിശ്വാസികളുടെ പിന്തുണ ഇക്കാര്യത്തില്‍ തങ്ങള്‍ക്കുണ്ടെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി നേതൃത്വം.
അതേസമയം ‘ഭിന്നിപ്പിച്ച് ഭരിക്കുക’ എന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ക്ക് വളംവെച്ചുകൊടുക്കുന്ന നടപടിയായി പോയി എസ്എഫ്‌ഐയുടെ അനവസരത്തിലെ ബീഫ് ഫെസ്റ്റ് എന്ന അഭിപ്രായം സിപിഎം നേതൃത്വത്തിലും ശക്തമാണ്.
കേരളത്തെ സംബന്ധിച്ച് അതിനിര്‍ണ്ണായകമായ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കെ സാമുദായിക വികാരമുയര്‍ത്താന്‍ ശ്രമിക്കുന്ന ബിജെപി മുന്നണി ബീഫ് ഫെസ്റ്റ് വിവാദം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുമെന്ന ആശങ്കയിലാണ് സിപിഎം.
രാഷ്ട്രീയ നേട്ടത്തേക്കാള്‍ മതപരമായ വിശ്വാസം വച്ചുപുലര്‍ത്തുന്ന വലിയ വിഭാഗം സാധാരണക്കാര്‍ക്കിടയില്‍ തെറ്റിദ്ധാരണാജനകമായ വികാരം സൃഷ്ടിക്കാന്‍ ബിജെപി ശ്രമിക്കുമെന്നതിനാല്‍ ജാഗ്രത പാലിക്കാനാണ് സിപിഎം അണികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
ഭക്ഷണം പ്രതിഷേധിച്ച് കഴിക്കേണ്ട ഒന്നല്ലെന്ന അഭിപ്രായവും മുതിര്‍ന്ന പല സിപിഎം നേതാക്കള്‍ക്കിടയിലും ശക്തമാണ്. ഇത്തരം കാര്യങ്ങളില്‍ ജാഗ്രതയോടെ പെരുമാറാന്‍ പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
പുരോഗമന ആശയങ്ങള്‍ക്കൊപ്പം നിന്ന് പോരാടുന്നതോടൊപ്പം മാറുന്ന കേരളീയ രാഷ്ട്രീയ സാഹചര്യത്തില്‍ വിശ്വാസികളുടെ വികാരം കൂടി മുഖവിലയ്‌ക്കെടുക്കണമെന്ന അഭിപ്രായം ഘടകകക്ഷിയായ സിപിഐക്കുമുണ്ട്.
അതേ സമയം ബീഫ് ഫെസ്റ്റ് വിവാദം സംഘര്‍ഷത്തിലേക്ക് വഴുതി മാറുമോ എന്ന ആശങ്കയിലാണ് പോലീസ് അധികൃതര്‍.
മാംസവില്‍പ്പന മേഖലകളില്‍ ആധിപത്യം ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ടവര്‍ക്കായതിനാല്‍ മനഃപൂര്‍വ്വം പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുമോ എന്ന ഭയമാണ് പോലീസിനെ അലട്ടുന്നത്.
സിപിഎം-ബിജെപി സംഘര്‍ഷമുണ്ടായാല്‍ അത് സാമുദായിക പ്രശ്‌നങ്ങളിലേക്ക് വഴിമാറില്ലെങ്കിലും പ്രശ്‌നത്തില്‍ മറ്റേതെങ്കിലും സംഘടനകള്‍ ഇടപെട്ടാല്‍ കൈവിട്ടുപോകുമെന്ന മുന്നറിയിപ്പ് ഇന്റലിജന്‍സ് വിഭാഗവും ആഭ്യന്തര വകുപ്പിന് കൈമാറിയിട്ടുണ്ട്.