ബീഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിക്കു നേരെ ചെരുപ്പേറ്‌

പാറ്റ്‌ന: ബിഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിക്കുനേരെ ചെരുപ്പേറ്. പാറ്റ്‌നയില്‍ നടന്ന മുഖ്യമന്ത്രിയുടെ ‘ജനതാ ദര്‍ബാര്‍’ എന്ന ജനങ്ങളുടെ പരാതി കേള്‍ക്കുന്ന പരിപാടിക്കിടെയായിരുന്നു സംഭവം. എന്നാല്‍ ചെരുപ്പ് മുഖ്യമന്ത്രിയുടെ ദേഹത്ത് കൊണ്ടില്ല. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ചാപ്ര സ്വദേശി അമിതേഷ് ആണ് ചെരുപ്പെറിഞ്ഞത്. തന്റെ പരാതി കേള്‍ക്കാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം. മുഖ്യമന്ത്രി ജാതിരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നെന്നും യുവാവ് ആരോപിച്ചു. ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കെ നിതീഷ് കുമാറാണ് ജനതാ ദര്‍ബാറിന് തുടക്കമിട്ടത്. എല്ലാ തിങ്കളാഴ്ചയും മുഖ്യമന്ത്രിയുടെ വസതിയില്‍ വച്ചാണ് പരിപാടി സംഘടിപ്പിക്കുക.

Top