ബുക്കര്‍ പ്രൈസ് റിച്ചാര്‍ഡ് ഫ്‌ലനഗന്

ലണ്ടന്‍: ഓസ്‌ട്രേലിയന്‍ എഴുത്തുകാരന്‍ റിച്ചാര്‍ഡ് ഫ്‌ലനഗന്‍ ഈവര്‍ഷത്തെ ബുക്കര്‍ പ്രൈസിന് അര്‍ഹനായി. അദ്ദേഹത്തിന്റെ ദി നാരോ റോഡ് ടു ദ ഡീപ് നോര്‍ത്ത് എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. രണ്ടാം ലോകമഹായുദ്ധ കാലത്ത് ജപ്പാനിലെ ജയിലില്‍ തടവുകാരനായി കഴിയവെ പിതാവ് അനുഭവിച്ച പീഡനങ്ങളെക്കുറിച്ചാണ് നോവലില്‍ ഫ്‌ലനഗന്‍ പറയുന്നത്. തായ്‌ലാന്‍ഡ് – ബര്‍മ റെയില്‍വേയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഫ്‌ലാനഗന്റെ പിതാവിന് നിര്‍ബന്ധിത തൊഴിലെടുക്കേണ്ടിവന്നിരുന്നു. അക്കാലത്ത് പിതാവും സഹതൊളിലാളികളും അനുഭവിച്ച കൊടിയ പീഡനങ്ങളുടെ കഥയാണ് നോവലില്‍ ഫ്‌ലനഗന്‍ വരച്ചിടുന്നത്. മുഷ്യന്റെ സഹനത്തിന്റെയും സൗഹൃദത്തിന്റെയും അനുഭവം പങ്കുവെക്കുന്ന അസാധാരണമായ പ്രണയകഥയാണ് ദി നാരോ റോഡ് ടു ദ ഡീപ് നോര്‍ത്തെന്ന് ജൂറി അഭിപ്രായപ്പെട്ടു.

ബുക്കര്‍ പ്രൈസ് കരസ്ഥമാക്കുന്ന മൂന്നാമത്തെ ഓസ്‌ട്രേലിയന്‍ എഴുത്തുകാരനാണ് ഫ്‌ലാനഗന്‍. തോമസ് കെന്നലി, പീറ്റര്‍ കാരി എന്നിവരാണ് ഇതിനുമുമ്പ് ബുക്കര്‍ പുരസ്‌കാരം ഓസ്‌ട്രേലിയയില്‍ എത്തിച്ചത്.

Top