ബ്രിട്ടീഷ് ബഹിരാകാശ പേടകത്തിന്റെ അവശിഷ്ടം ചൊവ്വയില്‍|

ലണ്ടന്‍: 2003ല്‍ അപ്രത്യക്ഷമായ യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ചൊവ്വാ പര്യവേഷണ പേടകത്തിന്റെ ചെറിയ അവശിഷ്ടം ചൊവ്വാ ഗ്രഹത്തിന്റെ ഉപരിതലത്തില്‍ കണ്ടെത്തിയതായി ശാസ്ത്ര സെമിനാര്‍. ലണ്ടനിലെ റോയല്‍ സൊസൈറ്റി സൈന്റിഫിക് ഇന്‍സ്റ്റിറ്റിയൂഷന്‍ ഇന്നലെ സംഘടിപ്പിച്ച സെമിനാറിലാണ് ഒരു ശാസ്ത്ര വിദഗ്ധന്‍ ഇക്കാര്യം അവകാശപ്പെട്ടത്. ചൊവ്വാ ദൗത്യത്തിനായി ബ്രിട്ടന്‍ വിക്ഷേപിച്ച ബീഗിള്‍ രണ്ടിന്റെ കഷണം എന്ന് അവകാശപ്പെടുന്ന, നാസ നല്‍കിയ ചിത്രവും ഇതോടൊപ്പം പുറത്തുവിട്ടിട്ടുണ്ട്. 2003 ഡിസംബര്‍ 25 ക്രിസ്മസ് ദിനത്തില്‍ ചൊവ്വയില്‍ ഇറങ്ങുന്ന രീതിയില്‍ വിക്ഷേപിച്ചതായിരുന്നു ബീഗിള്‍ രണ്ട്.

എന്നാല്‍ 2003 ഡിസംബര്‍ 23ന് ശേഷം ആ ബഹിരാകാശ വാഹനത്തെ കുറിച്ച് യാതൊരു വിവരവും ലഭ്യമായിട്ടില്ല. അതിനു ശേഷം 11 വര്‍ഷങ്ങള്‍ കഴിയുമ്പോഴാണ് പുതിയ അവകാശവാദവുമായി ശാസ്ത്രജ്ഞര്‍ എത്തിയിരിക്കുന്നത്. ബീഗിള്‍ രണ്ട് പരാജയമല്ല. ബഹിരാകാശ പേടകം വിജയകരമായി ചൊവ്വയില്‍ ഇറങ്ങിയെന്നതിന്റെ നല്ല തെളിവാണ് നാസയുടെ ചിത്രത്തിലൂടെ ലഭ്യമായിരിക്കുന്നത് എന്ന് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ചീഫ് എക്‌സിക്യുട്ടീവ് ഡേവിഡ് പാര്‍ക്കര്‍ പറഞ്ഞു. ചൊവ്വയില്‍ ജീവന്റെ സാന്നിധ്യം ഉണ്ടോ എന്ന് കണ്ടെത്തുന്നതിനായിരുന്നു 50 മില്ല്യണ്‍ പൗണ്ട് ചെലവ് വന്ന ദൗത്യം ബ്രിട്ടന്‍ പരീക്ഷിച്ചത്. എന്നാല്‍ അത്തരത്തില്‍ ഒരു വിവരവും ആ ദൗത്യത്തില്‍ നിന്നു ഇതുവരെ ലഭിച്ചില്ല. ദൗത്യം വെറുമൊരു പരാജയമായിരുന്നില്ല, വീരോചിതമായ പരാജയമായിരുന്നു എന്നാണ് ബീഗിള്‍ രണ്ടിന്റെ പരാജയത്തെ കുറിച്ച് ബ്രിട്ടന്‍ ബഹിരാകാശ ശാസ്ത്രകാരന്‍ മാര്‍ട്ടിന്‍ റീസ് അഭിപ്രായപ്പെട്ടത്.

Top