ബ്ലോക്ക് പഞ്ചായത്ത് പുന:ക്രമീകരണം മുസ്ലീം ലീഗിന്റെ താല്‍പ്പര്യത്തിനനുസരിച്ചെന്ന് കോടിയേരി

തിരുവനന്തപുരം: മുസ്ലീം ലീഗിന്റെ താല്‍പ്പര്യത്തിനനുസരിച്ചാണ് ബ്ലോക്ക് പഞ്ചായത്ത് പുന:ക്രമീകരണം നടത്തിയിരിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഭൂമിശാസ്ത്രമോ ജനസംഖ്യയോ മാനദണ്ഡമാക്കാതെയാണ് പുനക്രമീകരണം നടത്തിയിരിക്കുന്നതെന്നും കോടിയേരി പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കളെ ജയിലില്‍ ആക്കാനുള്ള ശ്രമമാണ് കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരും കേരളത്തിലെ യു.ഡി.എഫ് സര്‍ക്കാരിലെ കോണ്‍ഗ്രസും ചേര്‍ന്ന് നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ പ്രതി ചേര്‍ക്കാന്‍ ശ്രമിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനു വേണ്ടി നേതാക്കള്‍ പ്രചരണത്തിന് ഇറങ്ങരുതെന്നാണ് ബി.ജെ.പി.യുടേയും കോണ്‍ഗ്രസിന്റേയും ആഗ്രഹമെന്നും കോടിയേരി ആരോപിച്ചു.

ടി.പി ചന്ദ്രശേഖരന്‍ കേസില്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ ആരോപണം ആഭ്യന്തരവകുപ്പിനെതിരായ അസഹിഷ്ണുതമൂലമാണ്. ഇത് ചെന്നിത്തലയുടെ തലയ്ക്കട്ടുള്ള കുത്താണന്നും കോടിയേരി പറഞ്ഞു.

Top