ഭഗവത്ഗീതയെ ദേശീയ വിശുദ്ധഗ്രന്ഥമാക്കണം: സുഷമ സ്വരാജ്

ന്യൂഡല്‍ഹി : ഭഗവത് ഗീതയെ ദേശീയ വിശുദ്ധ ഗ്രന്ഥമായി പ്രഖ്യാപിക്കണമെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. വിദേശകാര്യ മന്ത്രിയെന്ന നിലയിലുള്ള വെല്ലുവിളികളെ നേരിടാന്‍ തന്നെ പ്രാപ്തയാക്കിയത് ഭഗവത് ഗീത പഠനമാണ്. അമെരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനമായി നല്‍കിയതു ഭഗവത് ഗീതയാണ്. ജീവിതത്തില്‍ നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും മറുപടി ഭഗവത് ഗീതയിലുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഭഗവത് ഗീതയുടെ 5151ാം വാര്‍ഷികദിനത്തില്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു സുഷമ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ഥന മാനിച്ചു ജൂണ്‍ 21 ലോക യോഗ ദിനമായി ആചരിക്കാന്‍ യുഎന്‍ സമ്മതം പ്രകടിപ്പിച്ചു. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. 170 രാജ്യങ്ങള്‍ ഈ തീരുമാനത്തെ പിന്തുണച്ചുവെന്നും സുഷമ. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ സന്നിഹിതനായിരുന്നു.

Top