ഭൂകമ്പം;പാക്കിസ്ഥാനിലും അഫ്ഗാനിലും മരണസംഖ്യ 280 ആയി, വന്‍ നാശ നഷ്ടം

ഇസ്‌ലാമാബാദ്: അഫ്ഗാനിസ്ഥാനിലും വടക്കന്‍ പാക്കിസ്ഥാനിലും വന്‍ നാശം വിതച്ച ശക്തമായ ഭൂകമ്പത്തില്‍ 280ല്‍ അധികം മരണം. ആയിരത്തിമുന്നൂറോളം പേര്‍ക്കു പരുക്കേറ്റു. ഡല്‍ഹി അടക്കമുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളും ഭൂകമ്പത്തില്‍ വിറച്ചെങ്കിലും നാശനഷ്ടമൊന്നുമില്ല.

പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും നിരവധി കെട്ടിടങ്ങള്‍ ഭൂകമ്പത്തില്‍ തകര്‍ന്നു. തകര്‍ന്ന കെട്ടിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

പാക്കിസ്ഥാനില്‍ എട്ട് കുട്ടികളുള്‍പ്പെടെ 214 പേര്‍ മരിച്ചു. ഇതില്‍ 140 മരണവും ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലാണ്. അഫ്ഗാനിസ്ഥാനില്‍ 63 പേര്‍ മരിച്ചു. അഫ്ഗാനിസ്ഥാനിലെ തലുഖനില്‍ സ്‌കൂളില്‍ നിന്ന് പുറത്തേക്ക് ഓടുന്നതിനിടയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 14 പെണ്‍കുട്ടികള്‍ മരിച്ചു.

പാക്ക്- അഫ്ഗാന്‍ അതിര്‍ത്തിയിലെ ഹിന്ദുക്കുഷ് മേഖല പ്രഭവകേന്ദ്രമായ ഭൂകമ്പം റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തി. ഇന്നലെ ഉച്ചകഴിഞ്ഞു 2.43 നായിരുന്നു ഭൂകമ്പമുണ്ടായത്.

Top