ഇറോം ശര്‍മിളയുടെ പോരാട്ടം 15-ാം വര്‍ഷത്തിലേക്ക്

ഇംഫാല്‍: സൈനികര്‍ക്കുള്ള പ്രത്യേക അധികാര നിയമം (അഫ്‌സ്പ) പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മണിപ്പൂരിന്റെ ഉരുക്കു വനിത ഇറോം ശര്‍മിള നടത്തുന്ന മരണം വരെയുള്ള നിരാഹാര സമരം പതിനഞ്ചാം വര്‍ഷത്തിലേക്ക്. 2000 നവംബര്‍ നാലിനാണ് അവര്‍ സമരം ആരംഭിച്ചത്. ഇറോമിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നിരാഹാരമിരുന്നാണ് സാമൂഹിക പ്രവര്‍ത്തകരും അനുയായികളും പതിനാലാം വാര്‍ഷികം ആചരിച്ചത്. ഇറോമിന് പിന്തുണയുമായി സേവ് ശര്‍മിള ഗ്രൂപ്പ് പോറോംബത്തിലെ ഓഫീസിന് മുമ്പില്‍ നിരാഹാരമിരുന്നു.

ഇംഫാലിലെ ലമ്യാന്‍ബയില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സമരം നടന്നു. വിദേശ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വരെ പരിപാടിയില്‍ പങ്കെടുത്തു. പ്രത്യേക നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട പ്രവര്‍ത്തകര്‍, ഇറോമിന്റെ സമരത്തിന് ആഗോള ശ്രദ്ധ കൈവരുത്താന്‍ ശ്രമിക്കുമെന്നും പറഞ്ഞു.സംസ്ഥാനത്തെ സിനിമാ പ്രവര്‍ത്തകര്‍ ലാംഫേലില്‍ ധര്‍ണ നടത്തി. നിരാഹാരമിരുന്ന് ഇംഫാലിലെ ആനന്ദ സിംഗ് അക്കാദമിയിലെ വിദ്യാര്‍ഥികളും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. 2000 നവംബര്‍ രണ്ടിന് ഇംഫാല്‍ വിമാനത്താവളത്തിന് സമീപം മാലോമില്‍ നടന്ന അസം റൈഫിള്‍സ് സൈനികരുടെ വെടിവെപ്പില്‍ ദേശീയ ധീരതാ അവാര്‍ഡ് നേടിയ കുട്ടിയടക്കം പത്ത് പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ശര്‍മിള സമരം തുടങ്ങിയത്. മൂക്കിലൂടെ ബലം പ്രയോഗിച്ച് നല്‍കുന്ന ദ്രവ ഭക്ഷണമാണ് ശര്‍മിളയുടെ ജീവന്‍ നിലനിര്‍ത്തുന്നത്.

നവംബര്‍ അഞ്ചിനാണ് കോളമിസ്റ്റും സാമൂഹിക പ്രവര്‍ത്തകയുമായ ശര്‍മിള സമരം ആരംഭിച്ചത്. പിറ്റേ ദിവസം അവരെ അറസ്റ്റ് ചെയ്ത് ആത്മഹത്യാ ശ്രമക്കുറ്റം ചുമത്തി. അത് മുതല്‍ സമയാസമയം കോടതിയില്‍ ഹാജരാക്കുന്നു. ചിലപ്പോള്‍ വിട്ടയക്കുമെങ്കിലും വീണ്ടും അറസ്റ്റ് ചെയ്യും. പോറോംബത്തിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ശര്‍മിള ഇപ്പോള്‍. നിരവധി അന്താരാഷ്ട്ര അവാര്‍ഡുകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രത്യേക ബഹുമതികളും അവരെ തേടിയെത്തി. നിരവധി പേര്‍ അവരെ സന്ദര്‍ശിക്കുകയും ചെയ്യുന്നു.

Top