ന്യൂഡല്‍ഹി: മദ്യനയം ഒറ്റരാത്രികൊണ്ട് തയാറാക്കിയതല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. 2011ലെ മദ്യനയത്തില്‍ തന്നെ ബാര്‍ ലൈസന്‍സ് ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്കു മാത്രമായി പരിമിതപ്പെടുത്തുമെന്ന് വ്യക്തമാക്കിയിരുന്നു.
2011ല്‍ തന്നെ മദ്യനയം രൂപീകരിച്ചിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ നടപ്പാക്കാനായില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. മദ്യനയത്തില്‍ കോടതി ഇടപെടുന്നതിന് പരിമിതികളുണ്ടെന്നും സര്‍ക്കാര്‍ പറഞ്ഞു.
വിശദമായ പഠനങ്ങള്‍ നടത്തിയ ശേഷമാണ് ബാറുകള്‍ അടച്ചു പൂട്ടാന്‍ തീരുമാനിച്ചത്. മദ്യനയത്തിനെതിരെ ബാറുടമകള്‍ നല്‍കിയ ഹര്‍ജിയിലെ വാദത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.
ടൂറിസ്റ്റുകളെ ലക്ഷ്യമിട്ടാണ് ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്കു മാത്രം ഇളവ് അനുവദിച്ചത്. യോഗ്യതയുള്ളവര്‍ ആരെന്ന് തീരുമാനിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അവകാശമുണ്ട്.
യോഗ്യതയുള്ളവരില്‍ ആരെയെങ്കിലും അവഗണിച്ചാല്‍ മാത്രമേ വിവേചനത്തിന്റെ വിഷയം ഉദിക്കുന്നുള്ളൂവെന്ന്, സംസ്ഥാനത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കബില്‍ സിബില്‍ ചൂണ്ടിക്കാട്ടി. യോഗ്യതയുള്ളവരെ നിശ്ചയിക്കാന്‍ സംസ്ഥാനത്തിന് പൂര്‍ണ സ്വാതന്ത്രമുണ്ടോ എന്ന് കോടതി ആരാഞ്ഞു. കേസ് ചൊവ്വാഴ്ചയും വാദം തുടരും