കൊച്ചി: മദ്യനയത്തില്‍ മാറ്റമുണ്ടാകുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. കാലോചിതമായ മാറ്റങ്ങളുണ്ടാവുക സ്വാഭാവികമാണെന്നും പുതിയ വസ്തുതകളുടെ അടിസ്ഥാനത്തിലും മാറ്റമുണ്ടാകാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ശാസ്ത്രീയപഠനത്തിന്റെ അടിസ്ഥാനത്തിലാണോ നയരൂപീകരണമെന്ന് കോടതി ആരാഞ്ഞു.
അതേസമയം, സംസ്ഥാനത്തെ ബാര്‍ ലൈസന്‍സിന്റെ കാലാവധി മാര്‍ച്ച് 31 അവസാനിക്കുന്ന സാഹചര്യത്തില്‍ ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നിയമോപദേശം തേടി. എഫ്.എല്‍ 3 ലൈസന്‍സ് പ്രകാരമാണ് സംസ്ഥാനത്തെ ബാറുകള്‍ക്ക് അനുമതി നല്‍കുന്നത്. മദ്യനയം അനുസരിച്ച് ഫൈവ് സ്റ്റാര്‍ ബാറുകള്‍ അല്ലാതെ മറ്റൊന്നും പ്രവര്‍ത്തിക്കാന്‍ പാടില്ല പക്ഷെ കോടതിവിധികളുടെ അടിസ്ഥാനത്തില്‍ ഏതാനും ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കേണ്ടിവന്നിട്ടുണ്ട്. പൂട്ടിയ 418 ബാറുകള്‍ക്ക് ബിയര്‍ വൈന്‍ പാര്‍ലറുകള്‍ നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
പക്ഷെ ത്രീസ്റ്റാര്‍ ബാറുകളുടെ കാര്യത്തില്‍ എന്തുതീരുമാനം എടുക്കണം കോടതിവിധിയുടെ അടിസ്ഥാനത്തില്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ എന്നിവ സംബന്ധിച്ചാണ് നിയമോപദേശം തേടിയിരിക്കുന്നത്. അതേസമയം പുതിയതായി ബാര്‍ ലൈസന്‍സിന് അപേക്ഷിച്ചിട്ടുള്ള ക്ലബുകള്‍ക്ക് ബിയര്‍ വൈന്‍ പാര്‍ലറുകള്‍ക്കുള്ള ലൈസന്‍സ് നല്‍കാനാണ് സാധ്യത. ലൈസന്‍സ് ഫീസ് വര്‍ധിപ്പിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.