മധ്യ ആഫ്രിക്കയില്‍ ക്രിസ്ത്യന്‍ തീവ്രവാദികള്‍ മുസ്‌ലിം വംശശുദ്ധീകരണം നടത്തിയതായി യു എന്‍

ബാംന്‍ഗുയി: മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ ആഭ്യന്തര യുദ്ധത്തിനിടെ ക്രിസ്ത്യന്‍ തീവ്രവാദികള്‍ മുസ്‌ലിം വംശശുദ്ധീകരണം നടത്തിയതായി യു എന്‍ അന്വേഷണ കമ്മീഷന്‍. എന്നാല്‍ രാജ്യത്ത് വംശഹത്യ നടന്നതിന് തെളിവില്ലെന്നും അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സംഘര്‍ഷത്തില്‍ ആയിരക്കണക്കിന് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

എല്ലാ പാര്‍ട്ടികളും മനുഷ്യാവകാശ ലംഘനങ്ങളും പീഡനങ്ങളും നടത്തിയിട്ടുണ്ട്. സിലിക സഖ്യവും ബലാക വിരുദ്ധരും യുദ്ധക്കുറ്റങ്ങളിലും മനുഷ്യനെതിരായ അതിക്രമങ്ങള്‍ നടത്തിയതിലും ഉത്തരവാദികളാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. വംശഹത്യ നടന്നതായി കമ്മീഷന്‍ അനുമാനിക്കുന്നില്ലെങ്കിലും ബലാക വിരുദ്ധര്‍ മുസ്‌ലിം സമൂഹത്തെ വംശശുദ്ധീകരണത്തിന് വിധേയമാക്കിയത് മനുഷ്യത്വത്തിനെതിരായ കുറ്റമാണെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

യുദ്ധത്തില്‍ 6,000ത്തോളം പേര്‍ കൊല്ലപ്പെട്ടതായി കരുതുന്നുവെന്നും എന്നാല്‍ യഥാര്‍ഥ കണക്കുകള്‍ ഇതിനും മേലെയാണെന്ന് കരുതേണ്ടിവരുമെന്നും കഴിഞ്ഞ മാസം 19ന് യു എന്‍ സുരക്ഷാ കൗണ്‍സിലിനുമുമ്പാകെ നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്.

Top