കല്‍പ്പറ്റ: സംസ്ഥാത്തെ വിവിധ ആദിവാസി ഊരുകളില്‍ ആദിവാസി പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ വിവാഹ ആഘോഷത്തിലേക്ക് കാലെടുത്ത് വെച്ച് വകുപ്പ് മന്ത്രി.
പട്ടിണിയും പീഡനവും മൂലം നരകയാതന ആനുഭവിക്കുന്ന ആദിവാസി സമൂഹത്തിന്റെ പ്രതിരൂപമായി മന്ത്രിസഭയിലെത്തിയ ജയലക്ഷ്മിയുടെ വിവാഹ വാര്‍ത്ത വന്ന അതേദിവസമാണ് മന്ത്രിയുടെ സ്വന്തം ജില്ലയിലെ ആദിവാസി യുവതി ക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്ന വാര്‍ത്തയും പുറത്തായത്.
വയനാട്ടിലെ അമ്പല വയല്‍ പുറ്റാട് മലയച്ചന്‍കൊല്ലി കോളനിയിലെ പതിനാറുകാരിയാണ് ഒടുവില്‍ പീഡനത്തിനിരയായത്. പ്രായപൂര്‍ത്തിയാകാത്ത ഈ പെണ്‍കുട്ടിയെ മദ്യം നല്കി കെട്ടിയിട്ടാണ് പീഡിപ്പിച്ചത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഒരാളെ അറസ്റ്റ് ചെയ്തെങ്കിലും മറ്റുള്ളവരെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.
ഈ പെണ്‍കുട്ടിയെ സമീപ പ്രദേശങ്ങളിലുള്ളവര്‍ മുന്‍പും പീഡിപ്പിച്ചിട്ടുണ്ടെന്നാണ് ഉയര്‍ന്ന് വരുന്ന ആരോപണം. വയനാട്,പാലക്കാട്, ഇടുക്കി ജില്ലകളിലെ ആദിവാസികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ആദിവാസി ക്ഷേമ വകുപ്പിന്റെ കൂടി ചുമതലയുള്ള മന്ത്രി ജയലക്ഷമിയും സര്‍ക്കാരും വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും നടപ്പായിട്ടില്ല.
അട്ടപ്പാടിയിലെ പട്ടിണി മരണം മുന്‍നിര്‍ത്തി സര്‍ക്കാരിനെക്കൊണ്ട് ചില തീരുമാനങ്ങള്‍ എടുപ്പിക്കാന്‍ പാലക്കാട് എം.പി, എം.ബി രാജേഷിന് തന്നെ നിരാഹാരം അനുഷ്ടിക്കേണ്ടിയും വന്നിരുന്നു.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും താമസിക്കാന്‍ പറ്റുന്ന തരത്തിലുള്ള വീടും പോഷകാഹാരങ്ങളുമെല്ലാം ആദിവാസി സമൂഹത്തിന് ഇന്നും സ്വപ്നം മാത്രമാണ്.
അട്ടപ്പാടിയിലെ നവജാത ശിശുമരണത്തിന്റെ പ്രധാന കാരണം പോഷകാഹാരക്കുറവുകൊണ്ടാണെന്നാണ് ഇതുസംബന്ധമായ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ആദിവാസി ക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന ഫണ്ട് പോലും സംസ്ഥാന സര്‍ക്കാര്‍ കൃത്യമായി ഉപയോഗിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
ആദിവാസികളുടെ പ്രശ്നങ്ങളില്‍ ചില പ്രഖ്യാപനങ്ങളെങ്കിലും സര്‍ക്കാരിന് നടത്തേണ്ടി വന്നത് മാവോയിസ്റ്റ് പേടിയിലായിരുന്നു. മാവോയിസ്റ്റ് ആക്രമണം സംസ്ഥാനത്ത് തലപൊക്കുന്നത് അപകടമാണെന്ന് തിരിച്ചറിഞ്ഞ് വയനാട്ടിലെ ആദിവാസി ഊരുകള്‍ സന്ദര്‍ശിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ചില പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു.
ഈ സന്ദര്‍ശനം കഴിഞ്ഞ് മന്ത്രി മലയിറങ്ങിയ ഉടനെ മാവോയിസ്റ്റുകളുമായി പൊലീസ് വെടിവയ്പും നടന്നിരുന്നു. ഉത്തരേന്ത്യയെപോലെ സംസ്ഥാനത്തെ ആദിവാസികള്‍ക്കിടയില്‍ മാവോയിസ്റ്റുകള്‍ സ്വാധീനമുറപ്പിക്കുമോ എന്ന ഭയമാണ് ആഭ്യന്തര വകുപ്പിനുള്ളത്.
സി.കെ ജാനുവിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നടന്ന നില്‍പ്പ് സമരം ഒത്തു തീര്‍പ്പാക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കിയതും മാവോയിസ്റ്റ് പേടി തന്നെയായിരുന്നു.
മുത്തങ്ങ സമരവുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം ആദിവാസികള്‍ക്ക് അനുവദിക്കാമെന്ന് പറഞ്ഞ ഭൂമി നല്‍കണമെന്നതായിരുന്നു സമരക്കാരുടെ ആവശ്യം.
മാവോയിസ്റ്റ് പേടിയില്‍ ആവശ്യങ്ങള്‍ അംഗീകരിച്ച് ഇരുവിഭാഗവും ഒത്തുതീര്‍പ്പില്‍ ഒപ്പിട്ടെങ്കിലും ഇതുസംബന്ധമായ തീരുമാനം ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല. ഇതിനിടെയാണ് ആദിവാസി ഊരുകളിലെ പെണ്‍കുട്ടികളുടെ പീഡന വിവരങ്ങളും ഇപ്പോള്‍ പുറത്തായിരിക്കുന്നത്.
അവിവാഹിതരായ ആദിവാസി ആമ്മമാരെക്കുറിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിട്ടും ഒരു നടപടിയും അധികൃതര്‍ കൈക്കൊണ്ടിട്ടില്ല. ആദിവാസി പെണ്‍കുട്ടികള്‍ ചൂഷ്ണം ചെയ്യപ്പെടുന്നതും പീഡിപ്പിക്കപ്പെടുന്നതും സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗവും നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
യുഡിഎഫില്‍ മറ്റൊരു വനിതാ എംഎല്‍എയും ഇല്ലാത്തതിനാല്‍ മന്ത്രിയാകാന്‍ ‘അര്‍ഹത’ നേടിയ ജയലക്ഷ്മിക്ക് സ്വന്തം വര്‍ഗ്ഗത്തിന്റെ ദയനീയാവസ്ഥ മനസിലാക്കി പ്രവര്‍ത്തിക്കാന്‍ കഴിയാത്തതില്‍ ആദിവാസികളും ക്ഷുഭിതരാണ്.
ആദിവാസി ക്ഷേമകാര്യത്തിന് പുറമെ വനിത യുവജന കാര്യ വകുപ്പുംകൂടി കൈകര്യം ചെയ്ത ജയലക്ഷ്മിക്ക് ക്യാബിനെറ്റില്‍ സമ്മര്‍ദം ചെലുത്തി ആദിവാസികള്‍ക്ക് ആനുകൂല്യങ്ങള്‍ നേടിക്കൊടുക്കാമായിരുന്നുവെന്ന ആഭിപ്രായം പൊതുസമൂഹത്തിനിടയിലും ശക്തമാണ്.
മന്ത്രി പദവി നഷ്ടപ്പെടുന്നതിന് മുന്‍പ് വിവാഹ ജീവിതത്തിലേക്ക് കടക്കാനുള്ള ജയലക്ഷ്മിയുടെ തന്ത്രപരമായ തീരുമാനം താന്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകളുടെ കാര്യത്തിലും കാണിക്കണമായിരുന്നുവെന്നാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന പ്രധാന വിമര്‍ശനം.
അമ്പും വില്ലും ഉപയോഗിക്കാന്‍ അറിയാവുന്ന ജയലക്ഷ്മി സ്വന്തം ജീവിതത്തിന്റെ ‘ലക്ഷ്യ’ സ്ഥാനത്തേക്ക് അമ്പെയ്യുന്നതില്‍ കാണിച്ച മിടുക്ക് പാവം ആദിവാസികളുടെ ജീവിത്തിലും കാണിക്കണമായിരുന്നുവെന്നാണ് ആക്ടിവിസ്റ്റുകള്‍ അടക്കമുള്ള സാംസ്കാരിക പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നത്.
മെയ് 10-ന് ആണ് മന്ത്രി ജയലക്ഷ്മിയുടെ വിവാഹം. വയനാട് കമ്പളക്കാട് സ്വദേശി അനില്‍കുമാറാണ് വരന്.