മന്ത്രിമാരെ ആക്ഷേപിച്ച് സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്താന്‍ നോക്കേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മന്ത്രിമാര്‍ക്കെതിരെ ആരോപണമുയര്‍ത്തി സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്താമെന്ന് ആരും കരുതേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

ബാര്‍ കോഴ കേസ് കോടതിയില്‍ വാദിച്ചത് ഏറ്റവും നല്ല രീതിയിലാണെന്നും മുഖ്യമന്ത്രി അവപകാശപ്പെട്ടു. സര്‍ക്കാരിന്റെ മദ്യനയത്തിനു ഹൈക്കോടതിയുടെ പൂര്‍ണ്ണ പിന്‍തുണ ലഭിച്ചിട്ടുണ്ട്. ബാര്‍ കോഴ കേസില്‍ സര്‍ക്കാര്‍ ഒരു തരത്തിലും ഇടപെട്ടിട്ടില്ലെന്നും അന്വേഷണം നിഷ്പക്ഷമായാണ് നടക്കുന്നതെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.

പ്രതിപക്ഷ നേതാവ് വിജിലന്‍സില്‍ കൊടുത്ത സിഡിയില്‍ ഒന്നുമില്ല. നാഥനില്ലാത്ത ആരോപണങ്ങളുടെ പിന്നാലെ പോകേണ്ട അവസ്ഥയാണ് സിപിഎമ്മിന്. സിപിഎമ്മിന്റെ ആരോപണങ്ങളെ ഒറ്റക്കെട്ടായി നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാര്‍ കോഴവിവാദം ഉയര്‍ത്തിയ ബാറുടമ ബിജു രമേശിനെതിരെ മുഖ്യമന്ത്രി ശക്തമായി രംഗത്ത് വന്നു. ബിജു എന്തുകൊണ്ടാണ് ആദ്യം തന്നെ കൂടുതല്‍ മന്ത്രിമാരുടെ പേരു പറയാതിരുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. ആരോപണവും പുതിയ മന്ത്രിമാരുടെ പേരുകളും അടുത്ത തെരഞ്ഞെടുപ്പു വരെ നീട്ടിക്കൊണ്ടു പോകുവാനാണ് ബിജു ശ്രമിക്കുന്നത്.

നവംബര്‍ ഒന്നു മുതല്‍ ധനമന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കുവാന്‍ തുടങ്ങിയിട്ടും ഇതുവരെ തെളിവുകള്‍ നല്‍കുവാന്‍ ബിജുവിന് കഴിഞ്ഞിട്ടില്ല. ആരോപണം ഉന്നയിക്കുന്നവരാണ് ഇതു തെളിയിക്കേണ്ടത്. സോളാര്‍ കേസിന്റെ കാര്യം ജനം മറന്നിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പി. സി. ജോര്‍ജ് കേരളാ കോണ്‍ഗ്രസ് സെക്യുലറായി യൂഡിഎഫില്‍ തുടരുമോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കിയില്ല. അഡ്വക്കേറ്റ് ജനറലിനെതിരെ വിമര്‍ശനമുന്നയിച്ച ടി. എന്‍. പ്രതാപന്‍ എംഎല്‍എയ്‌ക്കെതിരെ
പാര്‍ട്ടി തലത്തില്‍ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Top