മലപ്പുറം: ന്യൂനപക്ഷ വോട്ടുബാങ്ക് ഭദ്രമെന്ന ആത്മവിശ്വാസത്തില്‍ സഖ്യകക്ഷിയായ കോണ്‍ഗ്രസിനെപ്പോലും ഗൗനിക്കാത്ത മുസ്ലീം ലീഗിന്റെ അഹങ്കാരത്തിന് മലപ്പുറം ജില്ലയില്‍ കനത്ത തിരിച്ചടി.
കാര്യമായ പ്രവര്‍ത്തനമൊന്നും നടത്താതിരുന്നിട്ടും സി.പി.എമ്മിനെയും ഇടതുമുന്നണിയെയും അത്ഭുതപ്പെടുത്തിയ അനുകൂല തെരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവന്നത്. മലപ്പുറം എഴുതിതള്ളി പേരിനുള്ള പ്രചരണം മാത്രമാണ് സി.പി.എം നടത്തിയത്. പാര്‍ട്ടിയുടെ താരപ്രചാരകരായ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും പിണറായി വിജയനും ജില്ലയില്‍ പ്രചരണത്തിന് എത്തിയതേയില്ല.
എന്നാല്‍ ലീഗിന്റെ വോട്ടുബാങ്കായ മുസ്ലീം ന്യൂനപക്ഷങ്ങളില്‍ പ്രബല വിഭാഗം ഇടതുമുന്നണിയെ പിന്തുണക്കുകയായിരുന്നു. ബീഫ് വിവാദവും ബി.ജെ.പി പേടിയും അവരെ ഇടതുപാളയത്തിലെത്തിച്ചു. ലീഗിന്റെ ശക്തിദുര്‍ഗമായ കൊണ്ടോട്ടിയില്‍ കോണ്‍ഗ്രസും സി.പി.എമ്മും കൈകോര്‍ത്ത മതേതര വികസന മുന്നണി ഭരണം നേടി.
മന്ത്രി പി.കെ അബ്ദുറബ്ബിന്റെ തട്ടകമായ പരപ്പനങ്ങാടി നഗരസഭയില്‍ ലീഗിന് 20തും ലീഗ് വിമതന് ഒരു സീറ്റുമാണ്. ഇവിടെ സി.പി.എമ്മും കോണ്‍ഗ്രസിലെ ഒരു വിഭാഗവും വെല്‍ഫെയര്‍ പാര്‍ട്ടി അടക്കമുള്ള കക്ഷികളും ചേര്‍ന്ന ജനകീയ വികസന മുന്നണി 20 സീറ്റ് നേടി വന്‍ മുന്നേറ്റം നടത്തി.
15 വര്‍ഷമായി ലീഗ് കുത്തകയാക്കിവെച്ച തിരൂര്‍ നഗരസഭയില്‍ തിരൂര്‍ വികസനഫോറത്തിന്റെ പിന്തുണയോടെ എല്‍.ഡി.എഫ് ഭരണം പിടിച്ചു. കഴിഞ്ഞ തവണ പെരിന്തല്‍മണ്ണ നഗരസഭ അതും നറുക്കെടുപ്പിലൂടെയായിരുന്നു സി.പി.എമ്മിനു ലഭിച്ചത്. ബാക്കിയെല്ലാം യു.ഡി.എഫിനായിരുന്നു. എന്നാല്‍ ഇത്തവണ പെരിന്തല്‍മണ്ണ, തിരൂര്‍, പൊന്നാനി നഗരസഭകളില്‍ ഇടതുമുന്നണി വിജയിച്ചു. കൊണ്ടോട്ടിയില്‍ സി.പി.എമ്മും കോണ്‍ഗ്രസും കൈകോര്‍ത്ത മുന്നണിയും പിടിച്ചു.
പാണക്കാട് തറവാടും മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ വീടും ഉള്‍ക്കൊള്ളുന്ന മലപ്പുറം നഗരസഭയില്‍ ലീഗ് കേന്ദ്രങ്ങളെ ഞെട്ടിക്കുന്ന മുന്നേറ്റമാണ് ഇടതുമുന്നണിക്കുണ്ടായത്. കഴിഞ്ഞ തവണ എട്ട് സീറ്റുണ്ടായിരുന്ന എല്‍.ഡി.എഫിന് ഇത് 12 ആക്കി ഉയര്‍ത്താനായി. 94 പഞ്ചായത്തുകളില്‍ 64 പഞ്ചായത്തുകളിലേ ഇത്തവണ യു.ഡി.എഫിനു വിജയിക്കാനായുള്ളൂ. 25 പഞ്ചായത്തുകളില്‍ വിജയിച്ച് എല്‍ഡി.എഫ് ശക്തമായ മുന്നേറ്റം നടത്തി.
കഴിഞ്ഞ തവണ 100 പഞ്ചായത്തുകളില്‍ 91ലും യു.ഡി.എഫിനായിരുന്നു വിജയം. ഇത്തവ ചില പഞ്ചായത്തുകള്‍ ചേര്‍ന്ന് പുതിയ മുനിസിപ്പാലിറ്റികള്‍ വന്നതോടെയാണ് പഞ്ചായത്തുകളുടെ എണ്ണം 94 ആയി കുറഞ്ഞത്. ലീഗിന് കനത്ത തിരിച്ചടി ഏറ്റപ്പോഴും കോണ്‍ഗ്രസ് ഭരണത്തിലുള്ള നിലമ്പൂര്‍ നഗരസഭ കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച ഭൂരിപക്ഷത്തിന് നിലനിര്‍ത്താന്‍ അവര്‍ക്കായി. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിനാണ് നിലമ്പൂര്‍ നഗരസഭയില്‍ കോണ്‍ഗ്രസിന്റെ വിജയം.