മലയാളത്തില്‍ നിന്നും പുരാണബ്രഹ്മാണ്ഡ ചിത്രം എത്തുന്നു; സംവിധാനം ഹരിഹരന്‍

തെലുങ്ക് ചിത്രം ബാഹുബലിക്ക് ശേഷം ഇതാ മലയാളത്തില്‍ നിന്നും പുരാണബ്രഹ്മാണ്ഡചിത്രം എത്തുന്നു. ശ്രീകൃഷ്ണനെ പ്രധാനകഥാപാത്രമാക്കി ഒരു പുരാണകഥ സിനിമയാക്കാനുള്ള തയാറെടുപ്പിലാണ് പ്രശസ്തസംവിധായകന്‍ ഹരിഹരന്‍.

സ്യമന്തകം എന്നുപേരിട്ടിരിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ് ആകും കൃഷ്ണന്റെ വേഷത്തില്‍ എത്തുക. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി വന്‍തുക മുതല്‍ മുടക്കിയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്.

പൃഥ്വിരാജിന് പുറമെ ഇന്ത്യന്‍ സിനിമയിലെ പ്രശസ്തര്‍ സിനിമയില്‍ അണിനിരക്കും. റസൂല്‍പൂക്കുട്ടി ശബ്ദമിശ്രണം നടത്തുന്ന ചിത്രം ഗോകുലം ഗോപാലനാണ് നിര്‍മിക്കുന്നത്.

മഹാഭാരത്തിലെ ഒരു ഉപകഥയാണ് സ്യമന്തകം. തന്റെ ആത്മമിത്രമായ സത്രാജിത്തിന് സൂര്യന്‍ നല്‍കുന്ന ഉപഹാരമാണ് അമൂല്യമായ സ്യമന്തകമെന്ന മണി. എന്നാല്‍ പിന്നീട് ഈ സ്യമന്തകം മോഷണം പോകുകയും ഭഗവാന്‍ കൃഷ്ണനാണ് ഇതിന് പിന്നിലെന്ന് കിംവദന്തി പരക്കുന്നതുമാണ് കഥ. രുഗ്മിണി, സത്യഭാമ, ജാംബവാന്‍, ബലരാമ എന്നിവരെല്ലാം ചിത്രത്തിലെ കഥാപാത്രങ്ങളാകും

Top