ഇസ്ലാമാബാദ്: താലിബാന്‍ ഭീകരതയ്‌ക്കെതിരേ പോരാടി, അവരുടെ തോക്കിനിരയായി മരണത്തെ മുഖാമുഖം കണ്ട, ലോകജനതയുടെ ഒന്നടങ്കം പ്രാര്‍ഥനകളിലൂടെ ജിവിതത്തിലേക്കു തിരിച്ചുവന്ന, ഏറ്റവും പ്രായം കുറഞ്ഞ നൊബേല്‍ സമ്മാന ജേതാവായ പാക് പെണ്‍കുട്ടി മലാല യൂസഫ് സായിയുടെ പേരില്‍ ഒരു ചെറിയ ഗ്രഹം. നാസയുടെ കാലിഫോര്‍ണിയയിലെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലെ ശാസ്ത്രജ്ഞനായ അമി മെയ്ന്‍സറാണ് 316201 എന്ന പേരില്‍ അറിയപ്പെടുന്ന ചെറിയ ഗ്രഹത്തിനു മലാല എന്നു പേരിട്ടത്.
2010 ല്‍ ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിലാണ് ഈ ചെറിയ ഗ്രഹത്തെ കണ്ടെത്തിയത്. അഞ്ചരവര്‍ഷംകൊണ്ടാണ് ഈ ഗ്രഹം സൂര്യനെ ഒരു തവണ വലംവയ്ക്കുന്നത്. ‘ഗ്രഹത്തിന് മലാലയുടെ പേര് നല്‍കാന്‍ കഴിഞ്ഞത് വലിയ ബഹുമതിയാണ്’ – ഗ്രഹത്തിന് മലാലയുടെ പേര് നല്‍കിയത് ഉചിതമായ നടപടിയാണെന്ന് അന്താരാഷ്ട്ര അസ്‌ട്രോണമിക്കല്‍ യൂണിയന്‍ അഭിപ്രായപ്പെട്ടു.