മലിനീകരണ തട്ടിപ്പ്; ഒരു കോടിയിലധികം കാറുകള്‍ ഫോക്‌സ് വാഗണ്‍ തിരികെ വിളിക്കുന്നു

ന്യൂഡല്‍ഹി: മലിനീകരണത്തട്ടിപ്പ് നടത്താന്‍ സോഫ്റ്റ്‌വെയറുകള്‍ ഘടിപ്പിച്ച കാറുകള്‍ ഫോക്‌സ്‌വാഗണ്‍ തിരിച്ചുവിളിക്കും. ഒരു കോടി പത്ത് ലക്ഷം കാറുകളാണ് തിരിച്ചു വിളിക്കുക.

വാഹന നിര്‍മ്മാണ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഫോക്‌സ് വാഗന്‍ കമ്പനി ഇപ്പോള്‍ നേരിടുന്നത്. മലിനീകരണത്തട്ടിപ്പില്‍ കുടുങ്ങിയ കമ്പനി കൃത്രിമം കാണിച്ച ഒരു കോടി പത്ത് ലക്ഷം കാറുകളും തിരിച്ചു വിളിക്കാനൊരുങ്ങുകയാണ്. ഡീസല്‍ എഞ്ജിനില്‍ പ്രത്യേക സോഫ്റ്റ് വെയറുകള്‍ ഘടിപ്പിച്ച കാറുകള്‍ ഉടന്‍ തന്നെ തിരിച്ചുവിളിക്കുമെന്ന് കമ്പനിയുടെ പുതിയ സിഇഒ മാത്യാസ് മുള്ളര്‍ പറഞ്ഞു.

കാറുകള്‍ തിരിച്ചുവിളിച്ച് സോഫ്റ്റ്‌വെയറുകള്‍ നീക്കം ചെയ്ത് തിരികെ നല്‍കുന്നതിന് കമ്പനിക്ക് ആറര ബില്യണ്‍ ഡോളറിന്റെ ചെലവ് വരുമെന്നാണ് കണക്ക് കൂട്ടല്‍. ഓഡിയുടെ 21 ലക്ഷം കാറുകളിലും സ്‌കോഡയുടെ 12 ലക്ഷം കാറുകളിലും കൃത്രിമം കാണിച്ചതായാണ് കണക്ക്. കമ്പനിയുടെ വിശ്വാസ്യത വീണ്ടെടുക്കുന്നതിനായാണ് പുതിയ നടപടികളെന്നാണ് സൂചന.

മലിനീകരണത്തോത് കുറച്ച് കാട്ടാന്‍ കൃത്രിമം കാട്ടിയ കമ്പനിക്കെതിരെ വിവിധ ലോക രാജ്യങ്ങള്‍ അന്വേഷണം ആരംഭിക്കുകയും കാര്‍ വില്‍പ്പന നിര്‍ത്തിവെച്ചിരിക്കുകയുമാണ്.

Top