ന്യൂഡല്‍ഹി: ഭഗവദ്ഗീത ദേശീയ ഗ്രന്ഥമാക്കണമെന്ന് പറഞ്ഞ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ പ്രസ്താവന വിവാദമായതിന്റെ പിന്നാലെ മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അഡ്വാനിയും ഹൈന്ദവ ഗ്രന്ഥങ്ങളെ പുകഴ്ത്തി രംഗത്ത്. മഹാഭാരതവും രാമായണവും രാഷ്ട്രീയ അറിവ് നല്‍കുന്ന രണ്ട് ഇതിഹാസങ്ങളാണെന്നാണ് അഡ്വാനി പറഞ്ഞത്. താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ച കാലത്ത് മഹാഭാരതം സ്ഥിരമായി വായിക്കണമെന്ന് തന്റെ മുത്തശി ആവശ്യപ്പെടുമായിരുന്നെന്നും അഡ്വാനി പറഞ്ഞു.
മഹാഭാരതത്തേക്കാള്‍ നന്നായി രാഷ്ട്രീയക്കാര്‍ക്ക് അറിവ് നല്‍കുന്ന വേറൊരു ഇതിഹാസം ഉള്ളതായി വിശ്വസിക്കുന്നില്ല. രാഷ്ട്രീയക്കാര്‍ക്ക് ധാര്‍മികതയും സത്യസന്ധതയും മഹാഭാരതം പഠിപ്പിച്ചു കൊടുക്കുന്നു. അഡ്വാനി പറഞ്ഞു.
ക്രിസ്റ്റ്യന്‍ മിഷനറി സ്‌കൂളില്‍ പഠിച്ചതിനാല്‍ മാതൃഭാഷയായ സിന്ധിയും ഇംഗ്ലീഷും മാത്രമേ അറിയുമായിരുന്നുള്ളൂ. അതിനാല്‍ മഹാഭാരതവും ഭഗവത് ഗീതയും വായിച്ചത് സിന്ധിയിലും ഇംഗ്ലീഷിലുമാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമാണ് മഹാഭാരതം ഹിന്ദിയില്‍ വായിച്ചത്. അഡ്വാനി പറഞ്ഞു.
ഭഗവദ്ഗീത ദേശീയ ഗ്രന്ഥമാക്കാന്‍ കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും നടപടിക്രമങ്ങള്‍ മാത്രമേ ബാക്കിയുള്ളൂവെന്നുമായിരുന്നു സുഷമ സ്വരാജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. ഭരണഘടന മാത്രമാണ് രാജ്യത്തിന്റെ ദേശീയ ഗ്രന്ഥമെന്ന് മമത ബാനര്‍ജി സുഷമയ്ക്ക് മറുപടി കൊടുത്തിരുന്നു.