മുംബൈ:മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പിന് മുമ്പ് പിരിഞ്ഞ ബി.ജെ.പിയും ശിവസേനയും ഒന്നിക്കുന്നുവെന്ന വാര്‍ത്തകള്‍ ശരിവെയ്ക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. ശിവസേനയ്ക്ക് നാല് ക്യാബിനറ്റ് പദവികള്‍ ലഭിക്കുമെന്നാണ് മഹാരാഷ്ട്രയില്‍ നിന്ന് ലഭിക്കുന്ന ഏറ്റവും പുതിയ വിവരം. അതു പോലെ തന്നെ എട്ട് മന്ത്രിസ്ഥാനവും ശിവസേനയ്ക്ക് ലഭിക്കും. പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷന്‍ ആന്‍ഡ് എനര്‍ജി തുടങ്ങിയ വകുപ്പുകള്‍ ബി.ജെ.പി ശിവസേനയ്ക്ക് നല്‍കുമെന്നാണ് അറിയാന്‍ കഴിയുന്നത്.
ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി ശിവസേന നേതാക്കള്‍ ചര്‍ച്ച നടത്തി. മഹാരാഷ്ട്ര നിയമസഭയുടെ ശീതകാല സമ്മേളനത്തിന് മുമ്പ് ശിവസേനയെ സര്‍ക്കാറിന്റെ ഭാഗമാക്കാന്‍ ബി.ജെ.പി ശക്തമായ ശ്രമം നടത്തുകയായിരുന്നു. ഡിസംബര്‍ എട്ടിനാണ് നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്. സഖ്യചര്‍ച്ചകള്‍ 80 ശതമാനവും പൂര്‍ത്തിയായെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു. സര്‍ക്കാറുമായി ചേരുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അതിന്റെ അവസാന ഘട്ടത്തിലാണെന്ന് ശിവസേന വൃത്തങ്ങള്‍ അറിയിച്ചു.
ശിവസേനയുടെ മന്ത്രിസഭാ പ്രവേശനക്കാര്യത്തില്‍ തീരുമാനമായതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതനുസരിച്ച് പത്ത് മന്ത്രിസ്ഥാനങ്ങള്‍ നല്‍കാനും ധാരണയായതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വന്നിരുന്നില്ല.
288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ 122 സീറ്റുകളാണ് ബി.ജെ.പി നേടിയത്. 63 എം.എല്‍.എമാരാണ് ശിവസേനക്കുള്ളത്.