മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയില്‍ ബിജെപിയും ശിവസേനയും തമ്മിലുള്ള സീറ്റു തര്‍ക്കം ധാരണായായി. 288 സീറ്റുകളില്‍ 151 സീറ്റുകളില്‍ ശിവസേനയും 130 സീറ്റുകളില്‍ ബിജെപിയും മറ്റുകക്ഷികള്‍ ഏഴു സീറ്റിലും മത്സരിക്കാനാണ് ഏകദേശ ധാരണയായത്. അന്തിമ തീരുമാനം പിന്നീടുണ്ടാകുമെന്ന് ഇരുപാര്‍ട്ടിയുടെയും നേതാക്കള്‍ അറിയിച്ചു.
ബിജെപി 130 സീറ്റുകള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ശിവസേന അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. ഇതോടെ സീറ്റു തര്‍ക്കം രൂക്ഷമാവുകായയിരുന്നു. 151 സീറ്റുകളില്‍ മത്സരിക്കാന്‍ ശിവസേനയും നേരത്തെ തീരുമാനിച്ചിരുന്നു. ഇപ്പോഴത്തെ ധാരണയോടെ സഖ്യത്തിലുള്ള നാലു കക്ഷികള്‍ക്കാണ് സീറ്റ് കുറയുക. 18 സീറ്റുകള്‍ ഈ കക്ഷികള്‍ക്കു വേണമെന്നായിരുന്നു ആവശ്യം. ഇതാണ് ഇപ്പോള്‍ ഏഴു സീറ്റുകളായി കുറഞ്ഞത്.
അതേസമയം, കോണ്‍ഗ്രസ്-എന്‍സിപി സഖ്യം സീറ്റുകളെ സംബന്ധിച്ച് ധാരണയിലെത്തിയിട്ടില്ല. ചൊവ്വാഴ്ച രാത്രി എട്ടിന് ഇരുപാര്‍ട്ടികളുടെയും നേതാക്കളുടെ യോഗത്തില്‍ സീറ്റുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടായേക്കും.