മഹീന്ദ്രയുടെ ചെറു ഇലക്ട്രിക് കാര്‍ ഇ2ഒ വില കുറച്ച് എത്തുന്നു

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര അവതരിപ്പിക്കുന്ന ചെറു ഇലക്ട്രിക് കാര്‍ ഇ2ഒ 92000 രൂപ കുറച്ച് നിരത്തിലേക്കെത്തുന്നു. 5.72 ലക്ഷമായിരുന്നു മുമ്പ് ന്യൂഡല്‍ഹിയിലെ ഏകദേശവില. ഹൈബ്രിഡ്, ഇലക്ട്രിക് വാഹനനിര്‍മ്മാതാക്കള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ധനസഹായം നല്‍കിയതിനെത്തുടര്‍ന്നാണ് ഈ വില കുറച്ചത്.

വിവിധ നഗരങ്ങളിലെ കാറിന്റെ വില അതത് സംസ്ഥാനങ്ങള്‍ വൈദ്യുത വാഹനങ്ങള്‍ക്ക് നല്‍കുന്ന സബ്‌സിഡിയും ഇതിനോടൊപ്പം കണക്കാക്കും. ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചര്‍ ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് (ഫെയിം) പദ്ധതി പ്രകാരമാണ് വിലക്കിഴിവ് പ്രഖ്യാപിച്ചത്.

2010 ല്‍ വൈദ്യുത കാര്‍ നിര്‍മ്മാതാക്കളായ ബാംഗ്ലൂരിലെ റേവയെ ഏറ്റെടുത്താണ് മഹീന്ദ്ര ചെറു വൈദ്യുതകാര്‍ ഇ2ഒ നിര്‍മ്മിച്ചത്. ഒറ്റത്തവണ ചാര്‍ജുചെയ്താല്‍ 120 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ മുഖ്യസവിശേഷത. അടിസ്ഥാന വേരിയന്റിന് സഞ്ചരിക്കാന്‍ കഴിയുന്നതിനെക്കാള്‍ 40 കിലോമീറ്റര്‍ അധികമാണിത്.

പവര്‍ സ്റ്റിയറിങ്, ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനം, റിവേഴ്‌സ് പാര്‍ക്കിങ് ക്യാമറ, പാര്‍ക്കിങ് അസിസ്റ്റ്, ഡ്രൈവര്‍ ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലെ തുടങ്ങിയവയും പ്രീമിയം വേരിയന്റില്‍ മഹീന്ദ്ര ഉള്‍പ്പെടുത്തിയിട്ടുണ്ട്. എനര്‍ജീ ഫീസില്‍ കുറവൊന്നും പക്ഷേ കമ്പനി പ്രഖ്യാപിച്ചിട്ടില്ല 2999 രൂപതന്നെയാവും.

ജി പി എസ് നാവിഗേഷന്‍ സംവിധാനം, കീലെസ് എന്‍ട്രി, സ്റ്റാര്‍ട്ട് /സ്റ്റോപ് ബട്ടണ്‍, വാഹനം ബ്രേക്കുചെയ്യുമ്പോള്‍ നഷ്ടപ്പെടുന്ന ഊര്‍ജ്ജം ബാറ്ററിയില്‍ സംഭരിക്കുന്ന റീജെനറേറ്റീവ് ബ്രേക്കിങ് സംവിധാനം തുടങ്ങിയവയാണ് ഈ ഇന്ത്യന്‍ വൈദ്യുതകാറിന്റെ സവിശേഷതകളാണ്. കൂടുതല്‍ ചാര്‍ജ്ജിംഗ് സ്റ്റേഷനുകളും മഹീന്ദ്ര നിര്‍മ്മിക്കുകയാണെങ്കില്‍ വൈദ്യുതകാര്‍ വിപണി സജീവമായേക്കും.

Top