തിരുവനന്തപുരം: ധനമന്ത്രി കെ.എം മാണിക്കെതിരെ പുതിയ അഴിമതി ആരോപണവുമായി പ്രതിപക്ഷം നിയമസഭയില്‍. 211 വ്യാപാരികളുടെ റവന്യൂ റിക്കവറി അനധികൃതമായി സ്റ്റേ ചെയ്തെന്ന് ആരോപിച്ച് വി. ശിവന്‍കുട്ടി എംഎല്‍എയാണ് രംഗത്ത് വന്നത്.
റവന്യു റിക്കവറി ചെയ്യാന്‍ മാണിക്ക് അധികാരമില്ലെന്നിരിക്കെയാണിത്. ഇല്ലാത്ത അധികാരം ഉപയോഗിച്ചുള്ള ഈ നടപടി സംസ്ഥാന ഖജനാവിനു നഷ്ടമുണ്ടാക്കി. വിവിധ സ്ഥാപനങ്ങള്‍ക്ക് നികുതി സ്റ്റേ നല്‍കിയത് വഴി 116.61കോടി രൂപയുടെ അഴിമതിയാണ് മാണി നടത്തിയിരിക്കുന്നത്. ഇതിനുവേണ്ടി മാണി 11.6 കോടി രൂപ കോഴ വാങ്ങിയതായും വി. ശിവന്‍കുട്ടി ആരോപിച്ചു.
ബാര്‍കോഴക്കേസ് ഒത്തുതീര്‍ക്കുന്നതിനായി കെ.എം മാണിക്കു വേണ്ടി ജോര്‍ജ് എന്ന ഇടനിലക്കാരനും ബിജു രമേശും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ സിഡിയും അദ്ദേഹം നിയമസഭയുടെ മേശപ്പുറത്ത് വച്ചു. മാണിയുടെ മരുമകന് സ്റ്റീഫനാണ് ഇടനലക്കാരന്‍ വഴി ബിജു രമേശിനെ ബന്ധപ്പെട്ടതെന്നും ശിവന്‍കുട്ടി ആരോപിച്ചു.
മാണിക്കെതിരായ ആരോപണം ശിവന്‍കുട്ടി എംഎല്‍എ നിയമസഭയില്‍ എഴുതി നല്കി. കെ.എം. മാണിയുടെ കഴിഞ്ഞ 50 വര്‍ഷത്തെ സ്വത്തുസമ്പാദനം സംബന്ധിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നും ശിവന്‍കുട്ടി ആവശ്യപ്പെട്ടു.