മാധ്യമപ്രവര്‍ത്തകയായി ജനനി അയ്യര്‍

ത്രീ ഡോട്ട്‌സ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ ജനനി അയ്യര്‍ മാധ്യമപ്രവര്‍ത്തകയുടെ വേഷം അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. . നവാഗതനായ ജയന്‍ വന്നേരിയുടെ ചിത്രത്തിലാണ് താരം മാധ്യമപ്രവര്‍ത്തകയാകുന്നത്.
‘മ ചു ക’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം തമിഴിലും മലയാളത്തിലുമായാണ് തയ്യാറാക്കുന്നത്. നിവേദിത ഹരന്‍ എന്ന കഥാപാത്രത്തെയാണ് ജനനി അവതരിപ്പിക്കുന്നത്. പ്രതാപ് പോത്തന്‍, തമിഴ് താരം പശുപതി എന്നിവര്‍ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

രണ്ട് പേരുടെ ജീവിതത്തിലേക്ക് മൂന്നാമതൊരാള്‍ കടന്നു വരുന്‌പോഴുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ഇതൊരു സൈക്കോ ത്രില്ലര്‍ ആയിരിക്കുമെന്ന് സംവിധായകന്‍ പറഞ്ഞു. ”മഞ്ഞ, ചുവപ്പ്, കറുപ്പ് എന്നതിന്റെ ചുരുക്കപ്പേരാണ് മ.ചു.ക. ബ്രസീലിയന്‍ ഭാഷയില്‍ അഗാധമായ വേദന എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. ഓരോ നിറങ്ങള്‍ക്കും പ്രത്യേക വികാരങ്ങളുണ്ട്. മഞ്ഞയ്ക്ക് പ്രണയം, ചുവപ്പിന് പ്രതികാരം, കറുപ്പിന് മരണം എന്നിങ്ങനെ”, സംവിധായകന്‍ വ്യക്തമാക്കി.

ചിത്രം മുന്നോട്ട് പോകുന്‌പോള്‍ ജനനിയുടേയും പശുപതിയുടേയും കഥാപാത്രങ്ങള്‍ തമ്മില്‍ വളരെ പെട്ടെന്ന് സൗഹൃദം ഉടലെടുക്കുന്നു. ഇരുവരും ഒരുമിച്ചുള്ള 12 മണിക്കൂര്‍ സമയം ഉദ്വേഗജനകവും ആവേശഭരിതവുമാണെന്ന് സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

Top