മാരുതി എസ് ക്രോസും ഫോര്‍ഡ് ഫിഗോ അസ്പയറും വാഹന വിപണിയിലേക്ക്

മാരുതി സുസുക്കിയുടെ പ്രീമിയം ക്രോസ് ഓവര്‍ വാഹനം എസ് ക്രോസ് ആഗസ്ത് അഞ്ചിന് വിപണിയിലെത്തും. മാരുതിയുടെ പ്രീമിയം ഷോറൂം ശൃംഘലയായ നെക്‌സ വഴി മാത്രമാവും എസ് ക്രോസ് വിറ്റഴിക്കുക.

ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, എ.ബി.എസ്, പ്രൊജക്ടര്‍ ഹെഡ് ലാമ്പുകള്‍, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, റിവേ്‌സ് ക്യാമറ, ക്ലൈമെറ്റ് കണ്‍ട്രോള്‍, ടച്ച് സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനം എന്നിവയോടെയാണ് എസ് ക്രോസ് വരുന്നത്.

കോംപാക്ട് സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനങ്ങളായ റെനോ ഡസ്റ്റര്‍, ഫോര്‍ഡ് എക്കോസ്‌പോര്‍ട്, ഹ്യുണ്ടായ് ക്രേറ്റ എന്നിവയോടാവും വിപണിയില്‍ എസ് ക്രോസ് ഏറ്റുമുട്ടുക. അഞ്ച് വേരിയന്റുകള്‍ വിപണിയിലുണ്ടാവും.

22.70 കിലോമീറ്റര്‍ മൈലേജ് നല്‍കുന്ന 1.6 ലിറ്റര്‍ ഡീസല്‍ എന്‍ജിനും 23.65 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്ന 1.3 ഡീസല്‍ എന്‍ജിനുമാവും വാഹനത്തിന് കരുത്ത് പകരുക.

അതോടൊപ്പം ഫോര്‍ഡിന്റെ കോംപാക്ട് സെഡാന്‍ ഫിഗോ അസ്പയറും ആഗസ്തില്‍ വിപണിയിലെത്തുമെന്നാണ് സൂചന.

1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നിങ്ങനെ മൂന്ന് എന്‍ജിന്‍ വകഭേദങ്ങള്‍ അസ്പയറിനുണ്ടാവും. ആറുസ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് 1.5 ലിറ്റര്‍ പെട്രോള്‍ വേരിയന്റിന്റെ സവിശേഷത.

ഫോര്‍ഡിന്റെ സിങ്ക് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ആറ് എയര്‍ബാഗുകളുടെ സുരക്ഷ തുടങ്ങിയവയാണ് അസ്പയറിന്റെ സവിശേഷതകള്‍.

Top