മാരുതി സിയാസ്

എസ്എക്‌സ് 4 സെഡാനു പകരമായി, മാരുതി അവതരിപ്പിച്ച മോഡലാണ് സിയാസ്. ക്രോം ലൈനിംഗോടു കൂടിയെത്തുന്ന ഡൈനാമിക് ബോഡി ഡിസൈന്‍ ആകര്‍ഷകമാണ്. ആദ്യമേ തന്നെ ശ്രദ്ധിക്കപ്പെടുക റേഡിയേറ്റര്‍ ഗ്രില്ലാണ്. നേര്‍രേഖയില്‍ സ്ഥാപിച്ചിരിക്കുന്ന അഞ്ച് ക്രോം ബാറുകളുപയോഗിച്ചാണ് റേഡിയേറ്റര്‍ ഗ്രില്ല് നിര്‍മിച്ചിരിക്കുന്നത്. മദ്ധ്യത്തിലായി മാരുതി സുസുക്കിയുടെ ലോഗോ നല്‍കിയിരിക്കുന്നു.

പ്രൊജക്ടര്‍ ഹെഡ്‌ലാംപ്‌സ്, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റ്‌സ്, ഇന്‍ഡിക്കേറ്റര്‍ എന്നിവയടങ്ങുന്ന ഹെഡ്‌ലൈറ്റ് സെറ്റ് ഇരുവശത്തും എന്‍ഡിംഗ് എഡ്ജായി നല്‍കിയിരിക്കുന്നു. ഇതിനു തികച്ചും അനുയോജ്യമായ വിധത്തിലാണ് മുന്‍വശത്തെ ബംബര്‍. റേഡിയേറ്റര്‍ ഗ്രില്ലിനു സമാന്തരമായി നേര്‍രേഖയിലുള്ള 2 ക്രോം ബാറുകള്‍ നല്‍കിയിരിക്കുന്നു. ഫോഗ് ലൈറ്റ് മുന്‍ബംബറിന്റെ ഇരുവശങ്ങളിലും ഹെഡ്‌ലൈറ്റിനു താഴെയായി നല്‍കിയിരിക്കുന്നു.

ബോഡിയോടു ചെര്‍ന്നു പോകുന്ന തരത്തിലുള്ള റിയര്‍വ്യൂ മിററുകളില്‍ ഇന്‍ഡിക്കേറ്ററും നല്‍കിയിട്ടുണ്ട്. എഡ്ജി ലൈനുകള്‍, ഡയമണ്ട്-കട്ട് സ്‌റ്റൈലിലുള്ള അലോയ് വീലുകള്‍ എന്നിവ ശ്രദ്ധയാകര്‍ഷിക്കുന്നു. ക്രോമില്‍ തീര്‍ത്തിരിക്കുന്ന വിന്‍ഡോസ് സില്‍, ഡോര്‍ ഹാന്‍ഡില്‍ എന്നിവയും മനോഹരം തന്നെ.

എല്‍ഇഡി ലൈറ്റ് പാറ്റേണ്‍ ആണ് ടെയില്‍ലൈറ്റ് സെറ്റില്‍ (പിന്‍വശത്തെ ലൈറ്റില്‍) നല്‍കിയിരിക്കുന്നത്. രൂപഭംഗിക്കു എടുപ്പ് നഷ്ടമാകാത്ത തരത്തിലാണ്, പുറകു വശത്തുള്ള ബംബറില്‍ (ബാക്ക് ബംബര്‍) എയര്‍ എക്‌സ്‌ഹോസ്റ്റ് നല്‍കിയിരിക്കുന്നത്.

വീതി കൂടിയ സീറ്റാണു സിയാസില്‍ നല്‍കിയിരിക്കുന്നത്. ഗുണമേന്‍മയുള്ള ഫേബ്രിക്‌സ് ഉപയോഗിച്ചു നിര്‍മിച്ചിരിക്കുന്ന സീറ്റുകള്‍ യാത്രാസൗകര്യത്തോടൊപ്പം, സൗന്ദര്യവും പ്രധാനം ചെയ്യുന്നവയാണ്. ഡ്യുവല്‍ ടോണ്‍ കീ കളര്‍ സ്‌കീമാണ് ഇന്റീരിയറിലുപയോഗിച്ചിരിക്കുന്നത്. എസി സിസ്റ്റം കണ്‍ട്രോള്‍ പാനല്‍, മ്യൂസിക് സിസ്റ്റം, എസി വെന്റ്‌സ് എന്നിവ മുന്‍വശത്തു നടുവിലായി നല്‍കിയിരിക്കുന്നു.

ഇന്റീരിയര്‍ ഡോര്‍ ഹാന്‍ഡില്‍, സ്റ്റിയറിംഗ് വീല്‍, ഗിയര്‍ഷിഫ്റ്റ് കണ്‍സോള്‍ എന്നിവയിലും ക്രോം പൂശിയിരിക്കുന്നു. 500 ലിറ്ററാണ് ഇതിന്റെ ബൂട്ട്‌സ്‌പേസ് കപ്പാസിറ്റി. എയര്‍ ബാഗ്‌സ്, എന്‍ജിന്‍ ഇമ്മൊബിലൈസര്‍, സെന്‍ട്രല്‍ ലോക്കിംഗ്, സൈഡ് ഇംപാക്ട് ബീംസ്, സീറ്റ് ബെല്‍റ്റ്‌സ് എന്നിവയാണ് പ്രധാന സുരക്ഷാ ക്രമീകരണങ്ങള്‍.

സിയാസിന്റെ പെട്രോള്‍ വേര്‍ഷന്‍ 1.6 ലിറ്റര്‍ വിവിറ്റി എന്‍ജിനോടു കൂടിയോ 1.4 ലിറ്റര്‍ കെ സീരിസ് പെട്രോള്‍ എന്‍ജിനോടു കൂടിയോ എത്തുമെന്നു കരുതുന്നു. ഡീസല്‍ വേര്‍ഷനെത്തുന്നത് 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനോടു കൂടിയാണ്. നാലു സിലിണ്ടര്‍, 16 വാല്‍വ്‌സ് എന്നിവയോടെയെത്തുന്ന 1.4 ലിറ്റര്‍ കെ സീരിസ് പെട്രോള്‍ എന്‍ജിന്‍ 1373 സിസിയും, 1.6 ലിറ്റര്‍ എന്‍ജിന്‍ 1586 സിസിയുമാണ്. 1.3 ലിറ്റര്‍ ഡിഡിഐഎസ് ഡീസല്‍ എന്‍ജിന്‍ 1248 സിസി ആണ്.

Top