മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ചിത്രത്തില്‍ ദുല്‍ഖറിന് നായികയായി പാര്‍വതി

ബാംഗ്ലൂര്‍ഡേയ്‌സിലൂടെ പ്രേക്ഷകര്‍ മനസില്‍ ഇടംനേടിയ ജോടിയാണ് ദുല്‍ഖറും പാര്‍വതിയും. ഇരുവരും വീണ്ടും ജോടികളാകുന്നുവെന്ന വാര്‍ത്ത.

എബിസിഡിക്കുശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിലാണ് പാര്‍വതി വീണ്ടും ദുല്‍ഖറിന്റെ നായികയാകുന്നത്.

നേരത്തെ ഒരു പുതുമുഖത്തെയായിരുന്നു ചിത്രത്തിലെ നായികയായി നിശ്ചയിച്ചിരുന്നതെങ്കിലും ഒടുവില്‍ പാര്‍വതിക്ക് നറുക്കു വീഴുകയായിരുന്നു. എ. ബി. സി. ഡിയിലൂടെ നായികയായെത്തിയ അപര്‍ണാഗോപിനാഥും ഈ ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഫൈന്‍ഡിംഗ് സിനിമയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ജോജുജോര്‍ജ്ജ് , ചെമ്പന്‍ വിനോദ്, നീരജ് മാധവ് ,ടോവിനോ തോമസ് തുടങ്ങിയവരും വേഷമിടുന്നു. മാര്‍ട്ടിന്‍പ്രക്കാട്ടും ഉണ്ണി ആറും ചേര്‍ന്നാണ് രചന നിര്‍വഹിക്കുന്നത്.

പീരുമേട്ടില്‍ ചിത്രീകരണം ആരംഭിച്ച മാര്‍ട്ടിന്റെ ദുല്‍ഖര്‍ ചിത്രം കഴിഞ്ഞ ദിവസം കൊച്ചിയിലേക്ക് ഷിഫ്റ്റ് ചെയ്തു. ഫോര്‍ട്ട് കൊച്ചിയാണ് പ്രധാന ലൊക്കേഷന്‍. ഇവിടെ രണ്ട് ആഴ്ചത്തെ ചിത്രീകരണമാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. തുടര്‍ന്ന് ഗുജറാത്തിലേക്ക് ഷിഫ്റ്റ് ചെയ്യും.

റഫീക്ക് അഹമ്മദ് , സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് ഗോപീ സുന്ദറാണ് ഈണമിടുന്നത്. ജോമോന്‍ ടി.ജോണാണ് ഈ പ്രണയ കഥയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ബെസ്റ്റ് ആക്ടര്‍ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തിയ മാര്‍ട്ടിന്റെ മൂന്നാമത്തെ ചിത്രം കൂടിയാണിത്.

ഉത്തമ വില്ലനില്‍ കമലഹാസനോടൊപ്പം അഭിനയിച്ച പാര്‍വതി പൃഥ്വിരാജിനോടൊപ്പം എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലും അഭിനയിക്കുന്നുണ്ട്.

Top