മാവോയിസ്റ്റ് ഭീഷണിയില്‍ വിറച്ച് ബ്ലേഡ് മാഫിയ; ലക്ഷ്യം ആഭ്യന്തര മന്ത്രി..?

തിരുവനന്തപുരം: ബ്ലേഡ് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് നിര്‍ദേശം നല്‍കി മുന്നോട്ട് പോകുന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഇമേജ് തകര്‍ത്ത് തരിപ്പണമാക്കാന്‍ മാവോയിസ്റ്റുകള്‍. ഓപ്പറേഷന്‍ കുബേര തട്ടിപ്പാണെന്ന് ചൂണ്ടിക്കാട്ടി പൊലീസുകാരനും ബ്ലേഡ് പലിശക്കാരനും തമ്മിലുള്ള സംഭാഷണം പുറത്ത് വിട്ടാണ് ആദ്യ പ്രഹരം.

മാവോയിസ്റ്റുകള്‍ക്കെതിരെ പൊലീസും തണ്ടര്‍ ബോള്‍ട്ടും വെടിയുതിര്‍ത്ത വയനാട് വെള്ളമുണ്ടയിലെ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന്റേയും പലിശക്കാരന്റേയും ഫോണ്‍ സംഭാഷണം ചോര്‍ത്തിയാണ് മാവോയിസ്റ്റുകള്‍ ആഭ്യന്തര വകുപ്പിനെ നാണം കെടുത്തിയത്.
ഇതോടൊപ്പം പുറത്തുവിട്ട ലഘു ലേഖയില്‍ തങ്ങളുടെ അടുത്ത ഉന്നം ബ്ലേഡ് മാഫിയകള്‍ ആണെന്നും മാവോയിസ്റ്റുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.

പലിശക്കാരുടെ വീട്ടില്‍ റെയ്ഡിന് പോകുന്നതിന് മുമ്പ് പോലീസ് തന്നെ മുന്‍കൂട്ടി വിവരം നല്‍കി നാടകം കളിക്കുകയാണെന്ന് വെളിപ്പെടുത്തുന്ന സംഭാഷണ രേഖയെക്കുറിച്ച് സംസ്ഥാന ഇന്റലിജന്‍സും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഈ സംഭാഷണം മാവോയിസ്റ്റുകള്‍ക്ക് എങ്ങനെ ചോര്‍ത്താന്‍ പറ്റിയെന്നും, ഇതിന് മുന്‍പും ചോര്‍ത്തല്‍ നടന്നിട്ടുണ്ടോ എന്നുമാണ് പ്രധാനമായും പൊലീസ് അന്വേഷിക്കുന്നത്.

അത്യാധുനിക ആയുധങ്ങളോടൊപ്പം പൊലീസിന്റെ വയര്‍ലെസ് മെസേജുകള്‍ അടക്കം ചോര്‍ത്താന്‍ ശേഷിയുള്ള ഉപകരണങ്ങള്‍, മാവോയിസ്റ്റുകളുടെ പക്കലുണ്ടെന്ന സംശയം നേരത്തെ തന്നെ ഉണ്ടായിരുന്നതായാണ് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ രണ്ടു പേര്‍ ഫോണില്‍ സംസാരിച്ച വിവരം ചോര്‍ത്താന്‍ സാധാരണ ഗതിയില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കല്ലാതെ പറ്റില്ലെന്ന നിലപാടിലാണ് പൊലീസ്. ഏതെങ്കിലും വ്യക്തികള്‍ മുഖാന്തരം വിവരങ്ങള്‍ മാവോയിസ്റ്റുകള്‍ക്ക് ചോര്‍ന്ന് കിട്ടിയതാവാമെന്ന നിഗമനവും ശക്തമാണ്.

കാര്യങ്ങളെന്തായാലും മാവോയിസ്റ്റുകളുടെ പുതിയ നീക്കം ഏറ്റവും അധികം വെല്ലുവിളി ഉയര്‍ത്തുന്നത് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്കാണ്.

കര്‍ണാടക – തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെ മാവോയിസ്റ്റുകളെ പിടികൂടാന്‍ ഉന്നതതല ഇടപെടല്‍ നടത്തുന്ന ചെന്നിത്തലയുടെ അഭിമാന നടപടിയായ ഓപ്പറേഷന്‍ കുബേരയാണ് ഇപ്പോള്‍ അവര്‍ നോട്ടമിട്ടിരിക്കുന്നത്. ബ്ലേഡ് പലിശക്കാര്‍ക്കെതിരെ ശക്തമായി മാവോയിസ്റ്റുകള്‍ നീങ്ങുന്നത് ആഭ്യന്തര മന്ത്രിയെ പ്രതിരോധത്തിലാക്കുമെന്ന് കണ്ടാണ് പുതിയ നീക്കം.

നീറ്റാ ജലാറ്റിന്‍ കമ്പനി, തിരുനെല്ലിയിലെ റിസോര്‍ട്ട് എന്നിവയ്‌ക്കെതിരെ നടന്ന മാവോയിസ്റ്റ് ആക്രമണങ്ങളില്‍ പങ്കെടുത്തവരെ പിടികൂടാന്‍ പറ്റാതെ പൊലീസ് ഇരുട്ടില്‍ തപ്പുമ്പോഴാണ് പുതിയ സമര പ്രഖ്യാപനം. പൊതു പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ട് കരുത്താര്‍ജിക്കുന്നതിന്റെ ഭാഗമായാണ് ബ്ലേഡ് മാഫിയയ്‌ക്കെതിരായ മാവോയിസ്റ്റ് മുന്നറിയിപ്പിനെ രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.

നീതി ലഭ്യമാക്കാന്‍ പൊലീസിനല്ല തങ്ങള്‍ക്കാണ് കഴിയുക എന്ന് പ്രഖ്യാപിക്കുന്ന മാവോയിസ്റ്റുകളുടെ ഭീഷണി എന്തായാലും ബ്ലേഡ് പലിശക്കാരുടെ ഉറക്കം കെടുത്തിയിട്ടുണ്ട്.

Top