മുംബൈ ആക്രമണക്കേസ്: പ്രതിക്ക് പാക് കോടതിയുടെ ജാമ്യം

മൂംബൈ: മൂംബൈ ഭീകരാക്രമണ കേസിലെ പ്രതി സാഖിര്‍ റഹ്മാന്‍ ലാഖ്‌വിക്ക് പാക്കിസ്ഥാന്‍ കോടതി ജാമ്യം അനുവദിച്ചു. അഞ്ച് ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവയ്ക്കാന്‍ കോടതി നിര്‍ദേശിച്ചു. പാക് ഭീകരവിരുദ്ധ കോടതിയാണ് ജാമ്യം അനുവദിച്ചത്.

ആക്രണ കേസുമായി ബന്ധപ്പെട്ട് സാഖിര്‍ റഹ്മാന്‍ പാക്കിസ്ഥാനില്‍ പിടിയിലാവുകയായിരുന്നു. അറസ്റ്റിലായ ലാഖ്‌വി റാവല്‍പിണ്ടിയിലെ അഡിയാല ജയിലിലായിരുന്നു. ലാഖ്‌വി അടക്കം പത്ത് തീവ്രവാദികളാണ് മൂംബൈ ഭീകരാക്രമണത്തിന് പിന്നിലെ സൂത്രധാരര്‍ എന്നാണ് ഇന്ത്യ ആരോപിക്കുന്നത്. ഇവരില്‍ ഏഴു പേരെ പാകിസ്ഥാനില്‍ വിചാരണ ചെയ്തു വരികയായിരുന്നു.

ലഷ്‌കര്‍ ഭീകരരായ അബ്ദുല്‍ വാജിദ്, മസര്‍ ഇഖ്ബാല്‍, സാദിഖ്, ഷാഹിദ് ജമീല്‍ റിയാസ്, ജമീല്‍ അഹമ്മദ്, യൂനസ് അഞ്ജും എന്നിവരാണ് മുംബയ് ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് പാകിസ്ഥാനില്‍ അറസ്റ്റിലായ മറ്റുള്ളവര്‍. ആക്രമണം ആസൂത്രണം ചെയ്യുകയും അതിന് സാമ്പത്തിക സഹായം നല്‍കുകയും ചെയ്തു എന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

അതേസമയം പാക് കോടതിയുടെ നടപടിയില്‍ ഇന്ത്യ പ്രതിഷേധം അറിയിക്കുമെന്ന് അറിയിച്ചു.

Top