മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്ന് ജിതന്‍ റാം മാഞ്ചി

പാട്‌ന: മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറല്ലെന്ന് ബീഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി. പ്രധാനമന്ത്രിയെ കണ്ട് മാഞ്ചി സഹായം അഭ്യര്‍ത്ഥിച്ചു. ഭൂരിപക്ഷം തെളിയിക്കാന്‍ ഒരുക്കമാണെന്നു അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച നിതീഷ്‌കുമാര്‍ തന്റെ വിശ്വസ്തനായ മാഞ്ചിയെ മുഖ്യമന്ത്രിയാക്കുകായിരുന്നു. എന്നാല്‍ ബിജെപി നേതൃത്വത്തോട് മാഞ്ചി സ്വീകരിച്ച മൃദുസമീപനം ഇരുവര്‍ക്കുമിടയില്‍ അസ്വസ്ഥതകളുണ്ടാക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം മാഞ്ചിയെ ജെഡിയുവില്‍ നിന്ന് പുറത്താക്കിയിരുന്നു. രാജിവെക്കണമെന്ന ജെഡിയുവിന്റെ നിര്‍ദ്ദേശത്തെ മാഞ്ചി തള്ളിയതിന് പിന്നാലെയായിരുന്നു ജെഡിയുവിന്റെ നീക്കം. നിയമസഭ പിരിച്ചുവിടാന്‍ മാഞ്ചി ഗവര്‍ണറോട് ശുപാര്‍ശ ചെയ്തിരുന്നു.

നിതീഷ് കുമാറിനെ നിയമസഭാ കക്ഷി നേതാവായി സ്പീക്കര്‍ അംഗീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് 130 ജെഡിയു എംഎല്‍എമാര്‍ ഒപ്പിട്ട കത്ത് ഗവര്‍ണര്‍ക്ക് നല്‍കി.

ആകെ 243 അംഗങ്ങളുള്ള നിയമസഭയില്‍ ജെഡിയുവിനു 111 എംഎല്‍എമാരാണുള്ളത്. ഇതില്‍ 104 പേരും നിതീഷ് കുമാറിനെ പിന്തുണയ്ക്കുന്നതായി വ്യക്തമാക്കിയിട്ടുണ്ട്.

Top