ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയിദിന്റെ വിവാദ പ്രസ്താവനയെ തള്ളി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. മുഫ്തിയുടെ പ്രസ്താവനയോടു യോജിപ്പില്ലെന്നും പ്രസ്താവന കേന്ദ്രം തള്ളിക്കളയുന്നതായും രാജ്‌നാഥ് സിംഗ് അറിയിച്ചു.
കാശ്മീര്‍ തിരഞ്ഞെടുപ്പ് സുഗമമായി നടത്താന്‍ അനുവദിച്ചതിന് പാകിസ്ഥാനും താവ്രവാദികള്‍ക്കും നന്ദി പറയുന്നു എന്ന് പറഞ്ഞ് മുഫ്തി നടത്തിയ പ്രസ്താവനയാണ് വിവാദമായത്. മുഫ്തിയുടെ പ്രസ്താവന കോണ്‍ഗ്രസ് ലോക്‌സഭാകക്ഷി നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ സഭയുടെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തു. ഇതേക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവന നടത്തണമെന്നും പ്രസ്താവന തള്ളിക്കൊണ്ട് സഭ പ്രമേയം പാസാക്കണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു.
ഇല്ലെങ്കില്‍ സഭാനടപടികള്‍ തടസപ്പെടുത്തുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി. എന്നാല്‍ പ്രധാനമന്ത്രിയുമായി സംസാരിച്ച ശേഷമാണ് താന്‍ വിശദീകരണം നല്‍കുന്നത് എന്ന് സിംഗ് പറഞ്ഞു. കാശ്മീരില്‍ തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്തിയതിന് തിരഞ്ഞെടുപ്പ് കമ്മിഷനോടും അര്‍ദ്ധസൈനിക വിഭാഗത്തോടും അവിടത്തെ ജനങ്ങളോടും നന്ദി പറയുകയാണ്. ഈ വിവാദ വിഷയം മോദിയുമായുള്ള ചര്‍ച്ചയില്‍ മുഫ്തി ഉന്നയിച്ചിരുന്നില്ലെന്നും വാര്‍ത്താ സമ്മേളന സമയത്ത് അപ്രതീക്ഷിതമായി അദ്ദേഹം പറയുകയായിരുന്നെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.