ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി അധ്യക്ഷന്‍ എല്‍.എ.വി നാഥനെതിരേ കേരളം കേന്ദ്ര സര്‍ക്കാരിന് കത്ത് നല്കി. മേല്‍നോട്ട സമിതിയിലെ കേരളത്തിന്റെ പ്രതിനിധി വി.ജെ.കുര്യനാണ് കത്ത് നല്‍കിയത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ ആശങ്കകള്‍ നാഥന് കണ്ടല്ലെന്ന് നടിക്കുന്നുവെന്ന് ആരോപിച്ച് കേന്ദ്ര ജലവിഭവ സെക്രട്ടറിക്കും ജലകമ്മീഷനുമാണ് കത്ത് നല്‍കിയിരിക്കുന്നത്.
മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നതിന് കേന്ദ്ര ജലകമ്മീഷന് മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ മേല്‍നോട്ട സമിതി അധ്യക്ഷന്‍ ലംഘിച്ചു. കൃത്യമായ ഇടവേളകളില്‍ മേല്‍നോട്ട സമിതിയുടെ യോഗം വിളിച്ചു ചേര്‍ക്കുന്നില്ലെന്നും ജലനിരപ്പ് ഉയര്‍ന്നപ്പോള്‍ അടിയന്തരയോഗം വിളിക്കണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ചില്ലെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.