റാഞ്ചി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തില്‍ ജമ്മു കാശ്മീരില്‍ 58ഉം ഝാര്‍ഖണ്ഡില്‍ 60.89ഉം ശതമാനം വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് നടന്ന ഭീകരാക്രമണത്തിന്റെ ഭീതിയോ അതിശക്തമായ ശൈത്യമോ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതില്‍ നിന്ന് കാശ്മീരികളെ പിന്തിരിപ്പിച്ചില്ല.
ബുദ്ഗാം, പുല്‍വാമ, ബാരാമുല്ല ജില്ലകളിലെ 16 സീറ്റുകളിലായി 144 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയും ചില മന്ത്രിമാരും മത്സരിക്കുന്നവരില്‍ പെടും. ഭീകരാക്രമണമുണ്ടായ ഉറി, ട്രാല്‍ മണ്ഡലങ്ങളിലും ശക്തമായ വോട്ടിംഗാണ് രേഖപ്പെടുത്തിയത്. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ അതിശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. ആക്രമണത്തില്‍ 11 സുരക്ഷാ ഉദ്യോഗസ്ഥരടക്കം 21 പേര് കൊല്ലപ്പെട്ടിരുന്നു.
ആദ്യ രണ്ട് ഘട്ടങ്ങളില്‍ 70 ശതമാനത്തിന് മേലെയായിരുന്നു പോളിംഗ്. വോട്ടെടുപ്പ് ബഹിഷ്കരിക്കണമെന്ന വിഘടനവാദികളുടെ ആഹ്വാനവും വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഝാര്‍ഖണ്ഡില്‍ വോട്ടെടുപ്പ് നടന്ന 17 മണ്ഡലങ്ങളിലും പഴുതടച്ച സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്.