മൂന്നാര്‍ സമരം: എട്ടാം ദിനത്തിലേക്ക്, എസ് രാജേന്ദ്രന്‍ എംഎല്‍എ നിരാഹാരം ആരംഭിച്ചു

മൂന്നാര്‍: മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ നേതൃത്വത്തിലുള്ള സമരം ഒരാഴ്ച് പിന്നീട്ട് ഇന്ന് എട്ടാം ദിവസത്തേക്ക് കടക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ സമരം തുടരാനാണ് തൊഴിലാളികളുടെ തീരുമാനം. അതേസമയം തൊഴിലാളികളുടെ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് രാജേന്ദ്രന്‍ എം.എല്‍.എ. നിരാഹാരസമരം തുടങ്ങി.

തോട്ടം തൊഴിലാളി സമരം മൂന്നാര്‍ മേഖലയെ ആകെ ബാധിച്ചെന്നും സര്‍ക്കാര്‍ ഇടപെട്ട് പ്രശ്‌നം തീര്‍ക്കണമെന്നും ആണ് രാജേന്ദ്രന്റെ ആവശ്യം. എന്നാല്‍ തങ്ങള്‍ വിരട്ടിയോടിച്ചതിന്റെ നാണക്കേടില്‍ നിന്ന് തലയൂരാനാണ് എംഎല്‍എയുടെ ശ്രമമെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇന്ന് സമരവേദി സന്ദര്‍ശിക്കും. രാവിലെ തൊടുപുഴയിലെത്തുന്ന കോടിയേരി ബാലകൃഷ്ണന്‍ ഉച്ചയ്ക്ക് ശേഷം മൂന്നാറിലെത്തുമെന്നാണ് കരുതുന്നത്.

മൂന്നാറിലേക്കുള്ള എല്ലാ റോഡുകളും ഉപരോധിച്ചുകൊണ്ടുള്ള സമരം തുടരാനാണ് തൊഴിലാളികളുടെ തീരുമാനം. സമരം പിന്‍വലിക്കണമെന്ന ജില്ലാ കലക്ടറുടെ ആവശ്യം തൊഴിലാളികള്‍ നിരാകരിച്ചു. ബോണസും ശമ്പളവും വര്‍ധിപ്പിക്കുന്നത് വരെ സമരം ശക്തമായി തുടരാനാണ് സമരക്കാരുടെ തീരുമാനം.

രാഷ്ട്രീയക്കാരെ സമരത്തിലേക്ക് അടുപ്പിക്കില്ലെന്ന് തൊഴിലാളികള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. ശമ്പളവും ബോണസും ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി നേരത്തെ യൂണിയനുകളെ സമീപിച്ചിരുന്നതായി തൊഴിലാളികള്‍ വ്യക്തമാക്കി. യൂണിയനുകള്‍ കൈവിട്ട സാഹചര്യത്തിലാണ് സമരവുമായി മുന്നിട്ടിറങ്ങാന്‍ തൊഴിലാളികള്‍ നിര്‍ബന്ധിതരായത്. ഏതൊരു സാഹചര്യത്തിലും അക്രമത്തിലേക്ക് നീങ്ങില്ല എന്ന് തൊഴിലാളികള്‍ എഴുതിത്തയ്യാറാക്കിയ കുറിപ്പില്‍ പറയുന്നു. അനിശ്ചിതകാല നിരാഹാര സമരമായിരിക്കും ഏറ്റവും അവസാനവഴിയെന്നും കുറിപ്പ് വ്യക്തമാക്കുന്നു.

Top