മൂന്നാര്‍: പതിറ്റാണ്ടുകളായി മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരിതത്തില്‍ പ്രധാന വില്ലന്മാര് സിപിഐയുടെ തൊഴിലാളി സംഘടനയായ എഐടിയുസിയും കോണ്‍ഗ്രസ് തൊഴിലാളി സംഘടനയായ ഐഎന്‍ടിയുസിയും.
മെച്ചപ്പെട്ട വേതനവും ജീവിത സൗകര്യവുമില്ലാതെ ആയിരക്കണക്കിന് തൊഴിലാളികള്‍ ദുരിതമനുഭവിക്കുമ്പോള്‍ തോട്ടം ഉടമകളുടെ സ്വന്തം ആളുകളായി ആനുകൂല്യങ്ങള്‍ കൈപ്പറ്റുകയായിരുന്നു ഈ സംഘടനകളിലെ തൊഴിലാളി നേതാക്കള്‍.
ഈ അടുത്തകാലത്ത് മാത്രമാണ് അംഗീകൃത തോട്ടം തൊഴിലാളി യൂണിയനെന്ന പരിഗണന പോലും സിപിഎം തൊഴിലാളി സംഘടനയായ സിഐടിയുവിന് കിട്ടിയത്.
സി.എ കുര്യന്റെ നേതൃത്വത്തില്‍ എഐടിയുസിയും എ കെ മണിയുടെ നേതൃത്വത്തില്‍ ഐഎന്‍ടിയുസിയും തോട്ടം തൊഴിലാളികളില്‍ ചെലുത്തിയ വലിയ സ്വാധീനമാണ് സംസ്ഥാനത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായിട്ടും തോട്ടം മേഖലയില്‍ പിടിമുറുക്കാന്‍ സിഐടിയുവിന് കഴിയാതിരുന്നത്.
തോട്ടം മേഖലയിലെ വിവിധ സഹകരണ സ്ഥാപനങ്ങളുടെ തലപ്പത്തും ഈ സംഘടനകളാണ്. നിലവില്‍ 30 ശതമാനത്തോളം തൊഴിലാളികളുടെ പിന്തുണ മാത്രമാണ് സിഐടിയുവിന് ഉള്ളത്.
കണ്ണന് ദേവന് ടീ കമ്പനി നല്കിയ വീടുകളും ഇപ്പോഴും തൊഴിലാളി നേതാക്കളും കുടുംബങ്ങളും ഇപയോഗിക്കുകയാണെന്ന ഗുരുതരമായ ആരോപണങ്ങളും തെളിവുകള്‍ സഹിതം തോട്ടം തൊഴിലാളികള്‍ പുറത്ത് വിട്ടിട്ടുണ്ട്.
എഐടിയുസി,ഐഎന്‍ടിയുസി നേതാക്കളെ അപേക്ഷിച്ച് സിഐടിയു-സിപിഎം നേതാക്കള്‍ കണ്ണന് ദേവന് കമ്പനിയില്‍ നിന്ന് കൂടുതലായി ആനുകൂല്യം പറ്റിയെന്ന അഭിപ്രായം സമരം നടത്തുന്ന തൊഴിലാളികള്‍ക്ക് പോലുമില്ലെങ്കിലും സിപിഎം എംഎല്‍എ എസ് രാജേന്ദ്രന്റെ അസ്ഥാനത്തായ പരാമര്‍ശമാണ് തൊഴിലാളികളെ പ്രകോപിപ്പിച്ചത്.
തൊഴിലാളി സമരത്തിന് പിന്നില്‍ തമിഴ് തീവ്രവാദ സംഘടനയുണ്ടെന്ന എംഎല്‍എയുടെ അഭിപ്രായമാണ് സമരസ്ഥലത്ത് നിന്ന് സിപിഎം നേതാക്കളായ പി കെ ശ്രീമതിയേയും ശൈലജ ടീച്ചറേയും തുരത്തുന്നതിലേക്ക് സമരക്കാരെ പ്രേരിപ്പിച്ചത്.
മാനേജ്മെന്റിന്റെ സ്വന്തം ആളുകളായ എഐടിയുസിക്കാര്‍ തന്ത്രപൂര്‍വ്വം സമരസഖാവായ പീരുമേട് എംഎല്‍എ ബിജിമോളെ രംഗത്തിറക്കി പ്രതിഷേധം വഴിതിരിച്ച് വിടുന്ന കാഴ്ചയാണ് പിന്നീട് മൂന്നാറില്‍ കണ്ടത്.
തോട്ടം കമ്പനിയുടെ ആനുകൂല്യം പറ്റിയതായി ചൂണ്ടിക്കാട്ടി തൊഴിലാളികള്‍ പുറത്ത് വിട്ട ലിസ്റ്റില്‍ ബഹുഭൂരിപക്ഷവും എഐടിയുസി, ഐഎന്‍ടിയുസി നേതാക്കളാണ്.
ഇടത് മുന്നണിയില്‍ സിപിഎമ്മിന് ബഹുദൂരം പിന്നില്‍ രണ്ടാം കക്ഷിയാണെങ്കിലും മൂന്നാറില്‍ തോട്ടം മേഖലയില്‍ ‘വല്യേട്ടന്’ സിപിഐയുടെ എഐടിയുസി തന്നെയാണ്.
ബിജിമോള്‍ക്ക് കിട്ടിയ സ്വീകാര്യത തങ്ങള്‍ക്ക് കിട്ടുമെന്ന് കരുതിയ മുന്‍മന്ത്രി കൂടിയായ കണ്ണൂര്‍ എംപി ശ്രീമതിയേയും ശൈലജ ടീച്ചറിനേയും സ്ത്രീ തൊഴിലാളികള്‍ എഴുന്നേല്‍പ്പിച്ച് നാണം കെടുത്തി വിട്ടതും സമരത്തിന്റെ ബാക്കിപത്രമാണ്.
സംഭവസ്ഥലത്തെത്തിയ കോടിയേരി പ്രതിഷേധത്തില്‍ നിന്ന് രക്ഷപ്പെട്ടത് ബിജിമോളുടെ തന്ത്രപരമായ ഇടപെടലിന്റെ ഭാഗമായാണ്. തോട്ടം മേഖലയിലെ സ്ത്രീകള്‍ക്കിടയില്‍ ബിജിമോള്‍ക്ക് നേരത്തെ തന്നെയുണ്ടായ സ്വാധീനം എഐടിയുസിക്കും സിപിഐക്കും മാത്രമല്ല സിപിഎം സംസ്ഥാന സെക്രട്ടറിക്കും മുഖം രക്ഷിക്കാന്‍ തല്ക്കാലം രക്ഷയാവുകയായിരുന്നു.
തൊഴിലാളികളുടെ ആവശ്യത്തിനായി പൊരുതുമെന്ന കോടിയേരിയുടെ പ്രഖ്യാപനം തൊഴിലാളികളെ ആവേശഭരിതരാക്കുകയോ പ്രതീക്ഷയേകുകയോ ചെയ്തിട്ടില്ലെങ്കിലും എംഎല്‍എക്കും മറ്റ് നേതാക്കള്‍ക്കുമുണ്ടായ അപമാനം ഏറ്റുവാങ്ങേണ്ടി വന്നില്ലെന്നതാണ് സിപിഎമ്മിനെ സംബന്ധിച്ച് ആശ്വാസമേകുന്നത്.
കേരളത്തിലെ ഏറ്റവും വലിയ തൊഴിലാളി പാര്‍ട്ടിയായ സിപിഎമ്മിന്റെ എംഎല്‍എയേയും എംപിയേയും സ്ത്രീ തൊഴിലാളികള്‍ ഓടിച്ചും എണീപ്പിച്ചു പറഞ്ഞ് വിടുന്ന വാര്‍ത്ത ദേശീയ മാധ്യമങ്ങളിലും വലിയ വാര്‍ത്തയായത് സിപിഎമ്മിന് വലിയ തിരിച്ചടിയായിട്ടുണ്ട്. തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയുടെ തനിനിറം തിരിച്ചറിഞ്ഞാണ് തൊഴിലാളികള്‍ നേതാക്കള്‍ക്കെതിരെ തിരിഞ്ഞതെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍.
കേരളത്തിലെ ഏറ്റവും വലിയ പാര്‍ട്ടി സിപിഎം ആയതിനാല്‍ സിപിഎം തൊഴിലാളി സംഘടനയായ സിഐടിയു വിട്ട മുഴുവന്‍ തൊഴിലാളികളും സര്‍ക്കാരിനേയും സിപിഎമ്മിനേയും മുള്‍മുനയില്‍ നിര്‍ത്തുകയാണെന്ന തരത്തിലാണ് ദേശീയ മാധ്യമങ്ങളില്‍ വന്നിരുന്ന വാര്‍ത്ത.
ഇവിടെ സിപിഐയെയും കോണ്‍ഗ്രസിനേയും കണ്ട ഭാവം ദേശീയമാധ്യമങ്ങല്‍ നടിക്കാത്തത് സിപിഎമ്മിനാണ് വിനയായത്.
വി.എസ് സമരമുഖത്ത് എത്തിയതും കുത്തിയിരുപ്പ് സമരം നടത്തിയതും പിന്നീട് സമരം ഒത്തുതീര്പ്പിലായതുമെല്ലാം വി.എസിന്റെ വ്യക്തിപരമായ നേട്ടമായാണ് ദേശീയമാധ്യമങ്ങളടക്കം കാണുന്നത്.
‘സ്ത്രീകോപത്തിന്’ ഇരയായ പാര്‍ട്ടി എം.എല്‍.എയെ തന്നെ നിരാഹാര സമരത്തിന് കിടത്തിയ നേതൃത്വത്തിന്റെ നടപടിയാണ് ഇവിടെ സിപിഎമ്മിന് തിരിച്ചടിയായത്. അല്ലായിരുന്നുവെങ്കില്‍ പ്രതിപക്ഷ നേതാവിന്റെ ഇടപെടല്‍ സിപിഎമ്മിന് രാഷ്ട്രീയപരമായി ഏറെ നേട്ടമാവുമായിരുന്നു.
ഫലത്തില്‍ സ്ത്രീസമരത്തിന്റെ മുഴുവന്‍ പാപഭാരങ്ങളും ഏറ്റെടുക്കേണ്ട ഗതികേടിലാണ് സിപിഎം നേതൃത്വം.
എംഎല്‍എ എസ് രാജേന്ദ്രന്റെ നിലപാടുകളാണ് പാര്‍ട്ടിക്ക് സംസ്ഥാനത്തും ദേശീയ തലത്തിലും തിരിച്ചടിയായത്. സിപിഎം അണികളുടെ പ്രതിഷേധവും രാജേന്ദ്രന് എതിരെയാണ്.