ബാഴ്സലോണ: മെസ്സിയും നെയ്മറും കളം നിറഞ്ഞ് കളിച്ചതോടെ ചാമ്പ്യന്‍സ് ലീഗ് ഒന്നാം പാദ സെമിയില്‍ മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ബയേണ്‍ മ്യൂണിക് സ്പാനിഷ് വമ്പന്മാരോട് അടിയറവ് പറഞ്ഞു.
തുല്ല്യശക്തികളുടെ പോരാട്ടം കണ്ട മല്‍സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു മൂന്നു ഗോളുകളും. വിരസതയിലേക്ക് നീങ്ങിയ കളിയുടെ 77ാം മിനിറ്റില്‍ മെസ്സി എണ്ണം പറഞ്ഞ ഗോളിലൂടെ ബാഴ്സയ്ക്ക് ജീവന് നല്കി.
ഗോള്‍ വീണ ഞെട്ടലില്‍ നിന്ന് ഉണരാന്‍ പെപ്പ് ഗാര്‍ഡിയോള മുള്ളറെ പിന്‍വലിച്ച് ഗോഡ്സെയെ ഇറക്കിയെങ്കിലും ഫലമുണ്ടായില്ല. രണ്ട് മിനിറ്റിനുള്ളില്‍ മെസ്സി വീണ്ടും വല കുലുക്കി. ചാമ്പ്യന്‍സ് ലീഗില്‍ അര്‍ജന്റീനന്‍ താരത്തിന്റെ എഴുപത്തിയേഴാം ഗോള്‍. ഇതോടെ ഗോള്‍വേട്ടയില്‍ മെസ്സി റൊണാള്‍ഡോയെ മറികടന്നു.
ഗോള്‍ മടക്കാന്‍ ബയേണ്‍ കിണഞ്ഞു ശ്രമിക്കുന്നതിനിടയിലാണ് നെയ്മര്‍ ജര്‍മ്മന്‍ ടീമിനെ വീണ്ടും പരീക്ഷിച്ചത്. മെസ്സി നല്കിയ പന്തുമായി ഓടിയിറങ്ങിയ നെയ്മര്‍ക്ക് ന്യൂയറെ മറികടയ്ക്കാന്‍ ഒട്ടും പ്രയാസപ്പെടേണ്ടി വന്നില്ല. ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിലായിരുന്നു നെയ്മറിന്റെ ഗോള്‍. ഇനി സ്വന്തം തട്ടകത്തില്‍ നടക്കുന്ന രണ്ടാം പാദത്തില്‍ ബാഴ്സയെ പിടിച്ചുകെട്ടി ഫൈനലിലേക്ക് മുന്നേറാമെന്ന പ്രതീക്ഷയിലാണ് ബയേണ്‍.