മെസ്സിയെ അധിക്ഷേപിച്ചിട്ടില്ല: ക്രിസ്റ്റ്യാനോ

മാഡ്രിഡ്: ബാഴ്‌സലോണ സൂപ്പര്‍ താരവും തന്റെ പ്രധാന എതിരാളിയുമായ ലയണല്‍ മെസ്സിയെ മോശം വാക്കുകളിലൂടെ അധിക്ഷേപിച്ചിട്ടില്ലെന്ന് റയല്‍ മാഡ്രിഡ് സ്റ്റാര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വ്യക്തമാക്കി. സ്പാനിഷ് ഫുട്‌ബോള്‍ വിദഗ്ധന്‍ എഴുതിയ പുസ്തകത്തിലാണ് മെസ്സിയെ ക്രിസ്റ്റ്യാനോ നിരവധി തവണ മോശം വാക്കുകളിലൂടെ പരാമര്‍ശിച്ചിട്ടുണെ്ടന്ന വെളിപ്പെടുത്തലുള്ളത്. ഇതിനോടു പ്രതികരിക്കുകയായിരുന്നു പോര്‍ച്ചുഗീസ് ക്യാപ്റ്റനും നിലവിലെ ലോക ഫുട്‌ബോളറുമായ ക്രിസ്റ്റ്യാനോ.

റയലിന്റെ ഡ്രസിങ് റൂമില്‍ വച്ച് നിരവധി തവണ ക്രിസ്റ്റ്യാനോ മെസ്സിക്കെതിരേ അശ്ലീലവാക്കുകള്‍ ഉപയോഗിച്ചിട്ടുണെ്ടന്ന സ്പാനിഷ് മാധ്യമപ്രവര്‍ത്തകന്‍ ഗ്വില്ലെം ബലാഗ്യുവിന്റെ പരാമര്‍ശം വിവാദമായിരുന്നു. മെസ്സിയുമായി പോര്‍ച്ചുഗീസ് താരത്തിന് അത്ര മികച്ച ബന്ധമല്ല ഉള്ളതെന്നും പുസ്തകത്തില്‍ ആരോപിക്കുന്നു.

എന്നാല്‍ ഇതു ശുദ്ധ അസംബന്ധമാണെന്ന് ക്രിസ്റ്റി പറഞ്ഞു. ”എനിക്കെതിരേ മോശമായി എഴുതിയവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കും. സ്വന്തം ടീമംഗത്തോടു മാത്രമല്ല എതിര്‍ ടീമിലെ കളിക്കാരോടും തികഞ്ഞ ബഹുമാനമാണ് എനിക്കുള്ളത്. മെസ്സിയുടെ കാര്യത്തിലും ഇതു വ്യത്യസ്തമല്ല”-തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ ക്രിസ്റ്റ്യാനോ കുറിച്ചു.

Top