മൈക്കല്‍ ഫെല്‍പ്‌സിന് വിലക്ക്

വാഷിങ്ടണ്‍: മദ്യപിച്ച് വാഹനമോടിച്ചതിന് അമേരിക്കന്‍ നീന്തല്‍താരം മൈക്കല്‍ ഫെല്‍പ്‌സിന് ആറുമാസം വിലക്കും 10,500 ഡോളര്‍ പിഴയും. ഇതോടെ 2015 ലോക നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ ഫെല്‍പ്‌സിന് പങ്കെടുക്കാനാവില്ല. റഷ്യയിലെ കസാനില്‍ ആഗസ്ത് രണ്ട് മുതല്‍ ഒമ്പത് വരെയാണ് ലോക ചാമ്പ്യന്‍ഷിപ്പെങ്കിലും വിലക്കുകാരണം മാര്‍ച്ച് ആറിന് നടക്കുന്ന അമേരിക്കന്‍ യോഗ്യതാ മത്സരത്തില്‍ താരത്തിന് പങ്കെടുക്കാനാവില്ലെന്നതാണ് ലോക ചാമ്പ്യന്‍ഷിപ്പില്‍നിന്ന് പുറത്താവാന്‍ കാരണം.

ഒക്ടോബര്‍ ഒന്നിന് ബാള്‍ട്ടിമോറില്‍ മദ്യപിച്ച് വാഹനമോടിക്കുകയും റോഡിന്റെ മധ്യഭാഗത്തെ വര അതിവേഗം മുറിച്ചുകടക്കുകയും ചെയ്‌തെന്ന കുറ്റമാണ് ഫെല്‍പ്‌സിനെതിരെ പോലീസ് ചുമത്തിയത്. ഫെല്‍പ്‌സിനെ ഇത് രണ്ടാംതവണയാണ് സമാനസാഹചര്യത്തില്‍ പോലീസ് പിടികൂടുന്നത്. ഇതേത്തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്താന്‍ അമേരിക്കന്‍ നീന്തല്‍ അധികൃതര്‍ തീരുമാനിച്ചത്.

18 സ്വര്‍ണമടക്കം 22 ഒളിമ്പിക് മെഡലുകള്‍ സ്വന്തമാക്കി 2012 ലണ്ടന്‍ ഒളിമ്പിക്‌സിനുശേഷം വിരമിക്കല്‍ പ്രഖ്യാപിച്ച അമേരിക്കയുടെ 29 കാരനായ വിഖ്യാത നീന്തല്‍താരം പിന്നീട് ഈ വര്‍ഷമാദ്യം മത്സരരംഗത്ത് തിരിച്ചെത്തുകയായിരുന്നു.

Top