തിരുവനന്തപുരം: കോടിക്കണക്കിന് രൂപ മൈക്രോ ഫിനാന്‍സിന്റെ പേരില്‍ വെള്ളാപ്പള്ളിയും മകനും തട്ടിയെടുത്തെന്ന ആക്ഷേപത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും വി.എസ് കത്ത് നല്കി.
മൈക്രോ ഫിനാന്‍സ് അഴിമതിയില്‍ സമഗ്ര അന്വേഷണമാണ് വി.എസ് കത്തില്‍ ആവശ്യപ്പട്ടിട്ടുള്ളത്.
മൈക്രോ ഫിനാന്‍സിന്റെ പേരില്‍ പിന്നോക്കവിഭാഗ വികസന കോര്‍പ്പറേഷനില്‍ നിന്നും, ദേശസാല്‍കൃത ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിന്നും കോടിക്കണക്കിന് രൂപ മൈക്രോ ഫിനാന്‍സിന്റെ പേരില്‍ രണ്ടുശതമാനം പലിശയ്ക്ക് നടേശന് കൈവശപ്പെടുത്തുകയും, ഈ തുക 12 ശതമാനം പലിശയ്ക്ക് പാവപ്പെട്ട ശ്രീനാരായണീയരായ സ്ത്രീകള്‍ക്ക് നല്കി പത്തുശതമാനം പലിശ നടേശന് കൈക്കലാക്കിയിരിക്കുകയാണ്.
ഈ പാവപ്പെട്ട സ്ത്രീകള്‍ തൊണ്ട് തല്ലിയും, കയര്‍പിരിച്ചും, കൂലിപ്പണി ചെയ്തും സ്വരൂപിച്ച് യോഗത്തിന്റെ ശാഖകളില്‍ അടച്ച പണം കോര്‍പ്പറേഷനിലും, ബാങ്കിലും തിരിച്ചടച്ചിട്ടുമില്ല. ഇതുസംബന്ധിച്ച നടപടി ഉണ്ടാകുമ്പോള്‍ ഈ പാവപ്പെട്ടവരുടെ കിടപ്പാടമാകും നഷ്ടപ്പെടുക.
ഇതുസംബന്ധിച്ച് കേസുകള്‍ നിലവിലുണ്ടായിട്ടും അക്കൗന്റ് ജനറല്‍ ഉള്‍പ്പെടെയുള്ളവരുടെ കണ്ടെത്തലുകള്‍ സര്‍ക്കാരിന്റെ പക്കലുണ്ടായിട്ടും യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്നാണ് ആഭ്യന്തരമന്ത്രി പറയുന്നത്. ഈ സാഹചര്യത്തിലാണ് അന്വേഷണം ആവശ്യപ്പെട്ട് കത്ത് നല്‍കുന്നതെന്നും വി.എസ് പറഞ്ഞു.
പരാതി ലഭിച്ചാല്‍ അന്വേഷണമാകാമെന്ന സര്‍ക്കാര്‍ നിലപാടിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷനേതാവിന്റെ രേഖാമൂലമുള്ള പരാതിയില്‍ അന്വേഷണമുണ്ടാകുമെന്നാണ് സൂചന.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിഭിന്നമായ നിലപാട് സ്വീകരിച്ചാല്‍ വെള്ളാപ്പള്ളിയുടെ ‘ഗോഡ്ഫാദര്’ ഉമ്മന്‍ചാണ്ടിയാണെന്ന പ്രചാരണത്തിന് സ്ഥിതീകരണമാകുമെന്നതിനാല് അന്വേഷണമല്ലാതെ മറ്റൊരു പോംവഴിയും സര്‍ക്കാരിന് മുന്നിലില്ല.
അന്വേഷണം സംസ്ഥാന പൊലീസിലെ ഏതെങ്കിലും വിഭാഗത്തിന് കൊടുക്കുമോ അതല്ലെങ്കില്‍ സിബിഐക്ക് വിടുമോ എന്നാണ് ഇനി കണ്ടറിയാനുള്ളത്.
സംസ്ഥാനത്ത് ഭരണമാറ്റമുണ്ടായാല്‍ മൈക്രോഫിനാന്‍സ് അന്വേഷണം തിരിച്ചടിക്കുമെന്നതിനാല്‍ സംസ്ഥാന പൊലീസിന്റെ അന്വേഷണത്തേക്കാള്‍ സിബിഐ അന്വേഷണമാണ് വെള്ളാപ്പള്ളി ആഗ്രഹിക്കുന്നത്.
ബിജെപിയുമായി ഒരുമിച്ച് പോകാന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് ഈ ആത്മവിശ്വാസം.