മോഡി കൂട്ടിയ സന്ദര്‍ശനം; ലോകത്തിന്റെ നെറുകയില്‍ ഒബാമയ്‌ക്കൊപ്പം ഇന്ത്യ

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമക്ക് പ്രോട്ടോകോള്‍ ലംഘിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നല്‍കിയ സ്വീകരണവും ചര്‍ച്ചയിലെ തീരുമാനങ്ങളും ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ ഇന്ത്യയുടെ സ്ഥാനം അരക്കിട്ട് ഉറപ്പിക്കുന്നതായി. പാക്കിസ്ഥാനും ചൈനക്കും കടുത്ത ആശങ്കയ്ക്ക് വഴിയൊരുക്കിയാണ് ഇന്ത്യയുടെ മണ്ണില്‍ അമേരിക്കന്‍ പ്രസിഡന്റ് കാല് കുത്തിയത്.

മുന്‍പ് അമേരിക്കന്‍ വിസ നിഷേധിക്കപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോഡി നിലവിലെ കീഴ്‌വഴക്കം ലംഘിച്ച് വിമാനത്താവളത്തില്‍ നേരിട്ടെത്തി ഒബാമയെ സ്വീകരിച്ചത് ഒബാമയെ മാത്രമല്ല അമേരിക്കന്‍ സംഘത്തേയും അത്ഭുതപ്പെടുത്തി. അമേരിക്കന്‍ സന്ദര്‍ശന സമയത്ത് ഒബാമ നല്‍കിയ സ്വീകരണത്തിനുള്ള നന്ദികൂടിയായിരുന്നു മോഡിയുടെ അപ്രതീക്ഷിത വരവേല്‍പ്പ്.

ആണവ നിലയങ്ങളിലെ അമേരിക്കന്‍ പരിശോധന ഒഴിവാക്കാനും ആണവ ബാധ്യതയ്ക്കായി ഇന്‍ഷുറന്‍സ് നിധി രൂപീകരിക്കാനും ഒബാമ -മോഡി ചര്‍ച്ചയില്‍ ധാരണയായി. ആണവ വിതരണ കമ്പനികളില്‍ നിന്നു നഷ്ടപരിഹാരം ഈടാക്കില്ല. ഇന്ത്യ -അമേരിക്ക പ്രതിരോധക്കരാര്‍ പുതുക്കാനും ഭീകരതയക്കെതിരെ ഒരുമിച്ച് പോരാടാനും ഹൈദ്രബാദ് ഹൗസില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. ഇരുവരും നടത്തിയ സംയുക്ത പ്രസ്താവനയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒരുമിച്ച് പോകേണ്ടതിന്റെ ആവശ്യകതയും പ്രതിപാദിക്കപ്പെട്ടു. അമേരിക്കയുടെ വിശ്വസ്ത പങ്കാളിയായി ഒബാമ ഇന്ത്യയെ കാണുന്നുവെന്ന തരത്തിലായിരുന്നു ഒബാമയുടെ പ്രസ്താവന. യുഎന്‍ രക്ഷാ സമിതിയില്‍ ഇന്ത്യക്ക് സ്ഥിരാംഗത്വം നല്‍കുന്നതിനെ അമേരിക്ക പിന്തുണയ്ക്കുമെന്നും ഒബാമ വ്യക്തമാക്കി.

അധികാരം, ശ്കതി, വികസനം എന്നീ മേഖലകളില്‍ ഒരുമിച്ച് മുന്നോട്ട് പോകാനുള്ള അമേരിക്കയുടേയും ഇന്ത്യയുടേയും തീരുമാനം ലോകരാഷ്ട്രങ്ങള്‍ക്കും അപ്രതീക്ഷിതമായി. ഇന്ത്യ – അമേരിക്ക സഹകരണം ശക്തമാകുന്നത് ചൈനക്കും പാക്കിസ്ഥാനും കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തീവ്രവാദത്തിനെതിരെ ആഗോള തലത്തില്‍ സമഗ്ര നയം രൂപീകരിക്കാനും ഇടപെടല്‍ നടത്തും.

രാജ്യം ഇന്നുവരെ കാണാത്ത തരത്തില്‍ സുരക്ഷയുടെ വന്‍മതില്‍ തീര്‍ത്താണ് ഒബാമക്കും ഭാര്യ മിഷേലിനും രാജ്യം വരവേല്‍പ്പ് നല്‍കിയത്.
അതിര്‍ത്തി കടന്ന തീവ്രവാദം ഇന്ത്യക്ക് മാത്രമല്ല ലോകത്തിന് തന്നെ ഭീഷണിയായ സാഹചര്യത്തില്‍ ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനം ഭീകരര്‍ക്കെതിരെയുള്ള പോരാട്ടത്തിന് പുതിയ തലം നല്‍കുമെന്നാണ് നയതന്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

പെഷവാറിലെ സൈനിക സ്‌കൂള്‍ ആക്രമിച്ച് പാക്കിസ്ഥാന്‍ ഭരണകൂടത്തെ പോലും വിറപ്പിച്ച തീവ്രവാദികളെ അമര്‍ച്ച ചെയ്യാന്‍ കടുത്ത നടപടിക്ക് ഇന്ത്യയുടെ സഹായവും പാക്കിസ്ഥാന് അനിവാര്യമാണെന്ന നിലപാടിലാണ് അമേരിക്ക. പാക്കിസ്ഥാനുമായുള്ള ബന്ധത്തേക്കാള്‍ ഇപ്പോള്‍ അമേരിക്ക ആഗ്രഹിക്കുന്നത് ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധമാണ്.

സൈനിക ശക്തിയിലും ജനസംഖ്യയിലും കരുത്തരായ ഇന്ത്യ സമീപകാലത്ത് വലിയ വളര്‍ച്ചയുണ്ടാക്കിയതായി അമേരിക്കന്‍ ഭരണകൂടം തന്നെ നേരത്തെ വിലയിരുത്തിയിരുന്നു. ഇന്ത്യ – പസഫിക് മേഖലയില്‍ ശക്തമായ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്ന അമേരിക്ക സൈനിക സഹകരണത്തില്‍ ഇന്ത്യയുമായി ദീര്‍ഘദൂര കരാറാണ് ലക്ഷ്യമിടുന്നത്.

ശ്രീലങ്കയിലെ അധികാരമാറ്റത്തോടെ തിരിച്ചടിയേറ്റ ചൈനക്കും പുതിയ സംഭവ വികാസങ്ങള്‍ വെല്ലുവിളിയാണ്. പാക്കിസ്ഥാനുമായി ചേര്‍ന്ന് റോഡ് പാത തുറക്കുന്ന ചൈനയുടെ ‘ലക്ഷ്യം’മുന്‍കൂട്ടി കണ്ടാണ് മോഡിയുടെ തന്ത്രപരമായ നീക്കം. അരുണാചല്‍ പ്രദേശ് അടക്കമുള്ള ചൈനീസ് അതിര്‍ത്തി പ്രദേശങ്ങള്‍ നോട്ടമിട്ട് കരുക്കള്‍ നീക്കുന്ന ചൈനീസ് ഭീഷണിക്കെതിരെ പലവട്ടം ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഒബാമയുടെ ഇന്ത്യന്‍ സന്ദര്‍ശനം രാഷ്ട്രീയപരമായി മോഡിക്കും ബിജെപിക്കും ഏറെ നേട്ടമാണുണ്ടാക്കുന്നത്. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനെ ഒബാമയുടെ സന്ദര്‍ശനവും തീരുമാനങ്ങളും സ്വാധീനിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ഇന്ത്യയെ ലോകത്തെ പ്രധാന ശക്തിയാക്കി മാറ്റാന്‍ മോഡിയുടെ നേതൃത്വത്തിന് മാത്രമേ കഴിയു എന്ന പ്രചാരണം ഒബാമയുടെ സന്ദര്‍ശനം ചൂണ്ടിക്കാട്ടി ഇപ്പോള്‍ തന്നെ ബിജെപി തുടങ്ങിയിട്ടുണ്ട്.

അതേസമയം അമേരിക്കന്‍ പ്രസിഡന്റിനെ മുഖ്യാതിഥിയാക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ നിന്ന് മുന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ മാറ്റി നിര്‍ത്തിയത് ചൂണ്ടിക്കാട്ടി ആം ആദ്മി പാര്‍ട്ടിയും ശക്തമായ പ്രചാരണം തുടങ്ങിയിട്ടുണ്ട്.

Top