ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡി ജമ്മു അതിര്‍ത്തിയിലെ സിയാച്ചിനില്‍ എത്തി. സൈനികര്‍ക്ക് ദീപാവലി ആശംസിക്കാന്‍ മോഡി വ്യാഴാഴ്ച രാവിലെ 7.30 യോടെയാണ് സിയാച്ചിനിലേക്ക് പുറപ്പെട്ടത്. അതേസമയം പ്രധാനമന്ത്രി സിയാച്ചിനില്‍ എത്തുന്നതിന് തൊട്ടുമുന്‍പ് അതിര്‍ത്തിയില്‍ ബി.എസ്.എഫ് പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം വെടിയുതിര്‍ത്തു. രാംഘട്ടിലാണ് വെടിനിര്‍ത്തല്‍ ലംഘിച്ചുകൊണ്ടുള്ള പാക് പ്രകോപനം. ബി.എസ്.എഫുകാര്‍ തിരിച്ചും വെടിവെച്ചു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ദീപാവലി പ്രമാണിച്ച് അട്ടാരിയില്‍ ഇരുരാജ്യങ്ങളുടെയും സൈനികര്‍ തമ്മില്‍ മധുരം കൈമാറുന്ന പതിവ് ഇത്തവണ ഒഴിവാക്കാന്‍ ഇന്ത്യന്‍ സേന തീരുമാനിച്ചിരുന്നു. തുടര്‍ച്ചയായി പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതില്‍ പ്രതിഷേധിച്ചാണ് സൈന്യത്തിന്റെ തീരുമാനം.ഇത്തവണ തന്റെ ദീപാവലിയാഘോഷം പ്രളയദുരിതത്തില്‍പ്പെട്ട കശ്മീരുകാരോടൊപ്പമായിരിക്കുമെന്ന് കഴിഞ്ഞ ദിവസം ട്വിറ്ററില്‍ കുറിച്ചിരുന്നു.