മോദിയുടെ സ്യൂട്ട്; ലേലത്തുക ഉയരുന്നതോടൊപ്പം വിവാദവും

ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ധരിച്ച വിവാദ സ്യൂട്ടിന്റെ ലേലത്തുക കുതിക്കുന്നു. സൂറത്തിലെ സയന്‍സ് സെന്ററില്‍ നടക്കുന്ന ലേലത്തിന്റെ രണ്ടാം ദിനമായ ഇന്നലെ ഗുജറാത്തിലെ ഭാവ്‌നഗര്‍ സ്വദേശിയായ രത്‌ന വ്യാപാരി കോമള്‍കാന്ത് ശര്‍മ 1.41 കോടി രൂപയാണ് ഇന്നലെ സ്യൂട്ടിന് വിലയിട്ടത്. മറ്റൊരാള്‍ 1.39 കോടിയും നിശ്ചയിച്ചു. ലേലം ഇന്ന് അവസാനിക്കും.

ഇതിനിടെ, പ്രധാനമന്ത്രിക്ക് താന്‍ സമ്മാനിച്ചതാണ് സ്യൂട്ടെന്ന അവകാശവാദവുമായി ഗുജറാത്ത് വ്യവസായി രംഗത്തെത്തിയത് പുതിയ വിവാദത്തിനു തിരികൊളുത്തി. കേന്ദ്രസംസ്ഥാന മന്ത്രിമാര്‍ അടുത്ത ബന്ധുക്കള്‍ ഒഴികെയുള്ളവരില്‍ നിന്നും വിലപ്പെട്ട സമ്മാനങ്ങള്‍ സ്വീകരിക്കരുതെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്ന ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.

നാലു വര്‍ഷമായി പ്രധാനമന്ത്രിയുടെ അടുത്ത സുഹൃത്താണെന്ന് അവകാശവാദവുമായി എത്തിയ രമേശ്കുമാര്‍ ഭിഗാഭായി എന്നയാളാണ് സ്യുട്ട് മോദിക്ക് നല്‍കിയെന്ന് അവകാശപ്പെട്ടത്. മകന്റെ വിവാഹദിനത്തില്‍ ധരിക്കാനായി മോദിക്ക് സമ്മാനിച്ചതാണിതെന്നും ഇയാള്‍ പറയുന്നു.
അതിഥിയാകുമ്പോഴും ആതിഥേയനാകുമ്പോഴും രണ്ടു രീതിയില്‍ സമ്മാനങ്ങള്‍ സ്വീകരിക്കാമെന്നാണ് പെരുമാറ്റച്ചട്ടം പറയുന്നത്. വിദേശത്ത് പോകുമ്പോഴും വിദേശ പ്രതിനിധികള്‍ ഇന്ത്യയില്‍ വരുമ്പോഴും നല്‍കുന്ന ബഹുമതികള്‍, ആചാര സൂചകമായ സമ്മാനങ്ങള്‍ എന്നിവയാണ് ഒന്ന്. സമ്മാനം ഇത്തരം മര്യാദകളുടെ ഭാഗമല്ലാത്തതാണെങ്കില്‍ അത് 5000 രൂപയില്‍ താഴെ വിലയുള്ളതായിരിക്കണം എന്നാണ് ചട്ടം.

Top