മോദിയെ അപഹസിച്ചു സ്‌പെയിനില്‍ ക്രിസ്മസ് ആഘോഷം വിവാദമാകുന്നു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപഹസിച്ചു സ്‌പെയ്‌നില്‍ ക്രിസ്മസ് ആഘോഷം. സ്‌പെയ്‌നിലെ കറ്റാലോനിയയില്‍ ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് നടക്കുന്ന കാഗനര്‍ ആഘോഷ പരിപാടിയില്‍ ഓരോ വര്‍ഷവും പ്രമുഖരുടെ ബൊമ്മയുണ്ടാക്കുക പതിവാണ്. ക്രിസ്മസ് ട്രീയ്ക്കും ഉണ്ണിയേശുവിനുമൊപ്പം ലോകത്തെ പ്രമുഖരുടെ ബൊമ്മയും ഇവര്‍ വയ്ക്കും.

ഇത്തവണ മോദിയുടെ ബൊമ്മയുണ്ടാക്കാനാണ് സംഘാടകര്‍ തീരുമാനിച്ചത്. പാന്റ്‌സ് പകുതി താഴ്ത്തി പതുങ്ങിയിരിക്കുന്ന രീതിയിലായിരിക്കും ബൊമ്മയുടെ രൂപം.പതിനെട്ടാം നൂറ്റാണ്ടു മുതല്‍ കറ്റാലോനിയയില്‍ നടന്നുവരുന്ന ആചാരമാണ് കാഗനര്‍. കറ്റാലന്‍ പുരുഷന്മാര്‍ ധരിച്ചിരിക്കുന്ന വസ്ത്രം കാല്‍മുട്ടു വരെ താഴ്ത്തി വച്ച് മലവിസര്‍ജനം നടത്തുന്നതാണ് ഈ ആചാരത്തിന്റെ പ്രത്യേകത.

ഇതിലൂടെ ഭാഗ്യവും സമൃദ്ധിയും കൈവരുമെന്നാണു ഇവരുടെ വിശ്വാസം. ഏതാനും വര്‍ഷങ്ങളായി ആചാരത്തിന്റെ ഭാഗമായി കറ്റാലന്‍ പുരുഷന്മാരുടെ പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ചുള്ള ലോക പ്രശസ്തരായവരുടെ ബൊമ്മ നിര്‍മിക്കുന്നതും പതിവായി. നേരത്തേ മഹാത്മാ ഗാന്ധി, ബരാക് ഒബാമ, അംഗേല മെര്‍ക്കല്‍, മെര്‍ലിന്‍ മണ്‍റോ, ചെഗുവേര, സ്‌പെയ്‌നിലെ കിങ് ഫിലിപ്പ് നാലാമന്‍ എന്നിവരുടെ ബൊമ്മകള്‍ ഈ രൂപത്തില്‍ നിര്‍മിച്ചിട്ടുണ്ട്.

Top