മ്യാന്‍മറില്‍ വംശീയ വിഭാഗങ്ങള്‍ക്കെതിരേ സൈന്യം ബലാല്‍സംഗം ആയുധമാക്കുന്നു

റോഹിന്‍ഗ്യ: രാജ്യത്തെ വംശീയ വിഭാഗങ്ങള്‍ക്കെതിരേ മ്യാന്‍മര്‍ സൈന്യം ബലാല്‍സംഗവും ലൈംഗികാതിക്രമങ്ങളും വ്യാപകമായി ഇപ്പോഴും തുടരുന്നതായി മനുഷ്യാവകാശ സംഘടന പുറത്തുവിട്ട റിപോര്‍ട്ട് വ്യക്തമാക്കുന്നു.
സൈന്യം അധികാരമൊഴിഞ്ഞു നാലുവര്‍ഷം പിന്നിട്ടിട്ടും വംശീയ ന്യൂനപക്ഷങ്ങള്‍ക്കെതിരേ സര്‍ക്കാര്‍ പിന്തുണയോടെ നടക്കുന്ന അതിക്രമം തുടരുകയാണെന്നും ബര്‍മ വിമന്‍സ് ലീഗ് കുറ്റപ്പെടുത്തുന്നു.

ഖരൈന്‍, ഷാന്‍, റാക്കയ്ന്‍, മോന്‍, റോഹിന്‍ഗ്യ, ചിന്‍, കാച്ചിന്‍ തുടങ്ങി നിരവധി വംശീയവിഭാഗങ്ങളാണ് മ്യാന്‍മറിലുള്ളത്. വംശീയ ന്യൂനപക്ഷങ്ങള്‍ക്കെതിരായ സൈന്യത്തിന്റെ അതിക്രമങ്ങളും പീഡനവും ദിനംപ്രതി വര്‍ധിക്കുകയാണെന്നും സ്ത്രീകളുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തി വംശീയവിഭാഗങ്ങളുടെ അധിവാസമേഖലയില്‍ നിന്നു സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കണമെന്നും റിപോര്‍ട്ട് ആവശ്യപ്പെടുന്നു.

സൈനികാതിക്രമത്തിനെതിരേ സര്‍ക്കാര്‍ ശക്തമായ നടപടി കൈക്കൊള്ളണമെന്ന് ബര്‍മ വിമന്‍സ് ലീഗ് ജനറല്‍ സെക്രട്ടറി ടിന്‍ ടിന്‍ ന്യൊ ആവശ്യപ്പെട്ടു. അടുത്തവര്‍ഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി മുന്‍ സൈനിക ജനറല്‍മാര്‍ ഉള്‍ക്കൊള്ളുന്ന പ്രസിഡന്റ് തെയ്ന്‍ സീനിന്റെ സര്‍ക്കാര്‍ രാജ്യവ്യാപകമായി വംശീയവിഭാഗങ്ങളുമായി വെടിനിര്‍ത്തല്‍ ചര്‍ച്ച നടത്തിവരുകയാണ്.
വെടിനിര്‍ത്തല്‍ കരാര്‍ നിലവിലുള്ള മേഖലകളില്‍ ഉള്‍പ്പെടെ സൈന്യം 118 കൂട്ടബലാല്‍സംഗങ്ങളും ലൈംഗികാതിക്രമങ്ങളും നടത്തിയതായി റിപോര്‍ട്ട് തെളിവുസഹിതം പറയുന്നുണ്ട്. യഥാര്‍ഥ കണക്കുകള്‍ ഇതിലും എത്രയോ ഇരട്ടിവരും. പലതും യുദ്ധക്കുറ്റങ്ങളുടെ പരിധിയില്‍ വരുന്നതാണെന്നും റിപോര്‍ട്ട് പറയുന്നു.

Top