തിരുവനന്തപുരം: തന്റേതെന്ന പേരില്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന കത്തില്‍ ജോസ് കെ മാണിയുടെ പേരുണ്ടെന്ന് പി.സി ജോര്‍ജ് പറഞ്ഞത് നിഷേധിച്ച് സരിത എസ് നായര്‍. ജയിലില്‍ നിന്ന് താനെഴുതിയ കത്തില്‍ ജോസ്.കെ.മാണിയുടെ പേരില്ലെന്നും സരിത നായര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ യഥാര്‍ത്ഥ കത്തുമായി എത്തിയാണ് നിലവില്‍ പ്രചരിക്കുന്ന കത്ത് തന്റേതല്ലെന്ന് സരിത വാദിച്ചത്. എന്നാല്‍ ഈ കത്ത് പുറത്തുവിടില്ലെന്നും അവര്‍ പറഞ്ഞു.
ജയിലില്‍ ഉണ്ടായിരുന്ന സമയത്ത് താനെഴുതിയ 30 പേജുള്ള കത്ത് മുന്‍മന്ത്രി ഗണേഷ് കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ പക്കലാണ് കൊടുത്തത്. ഈ കത്തിന്റെ പകര്‍പ്പ് ബാലകൃഷ്ണ പിള്ളയുടെ കയ്യിലുണ്ട്. ഒരു കാരണവശാലും അത് പുറത്തുവിടില്ലെന്ന ഉറപ്പിന്മേലാണ് ബാലകൃഷ്ണപിള്ളക്ക് കത്ത് കൈമാറിയത്.
കത്തുമായല്ല താന്‍ ജോര്‍ജിനെ കാണാന്‍ പോയത്. തന്റെ കത്ത് പി.സി. ജോര്‍ജ് കണ്ടിട്ടുണ്ടെയന്ന് തനിക്കറിയില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സരിത മറുപടിയായി പറഞ്ഞു.