ന്യൂഡല്‍ഹി: രാഷ്ട്രപതി തള്ളിയ ദയാഹര്‍ജിയുമായി ഒരാള്‍ക്ക് വീണ്ടും സംസ്ഥാന ഗവര്‍ണറെ സമീപിക്കാനാവുമോയെന്ന് സുപ്രീംകോടതി. 1993ലെ മുംബൈ സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമന് ദയാഹര്‍ജിയുമായി മഹാരാഷ്ട്ര ഗവര്‍ണറെ സമീപിച്ചതിനെ ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതിയുടെ പരാമര്‍ശം. തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളിയതിനെത്തുടര്‍ന്നാണ് ദയാഹര്‍ജിയുമായി മേമന് ഗവര്‍ണറെ സമീപിച്ചത്.
ഇന്ത്യന്‍ നിയമമനുസരിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരാളുടെ ദയാഹര്‍ജി പരിഗണിക്കാനുള്ള അവകാശം രാഷ്ട്രപതിക്ക് മാത്രമാണുള്ളത്. സംസ്ഥാനത്തിന്റെ അധികാരപരിധിയില്‍ വരുന്ന കേസുകളില്‍ മാത്രമേ ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്കാന് അധികാരമുള്ളൂ. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരാള്‍ രാഷ്ട്രപതി തള്ളിയ ദയാഹര്‍ജിയുമായി സംസ്ഥാന ഗവര്‍ണറെ സമീപിക്കുന്നു. ഇങ്ങനെ ചെയ്യാന്‍ ഇന്ത്യന്‍ ഭരണഘടനയില്‍ വ്യവസ്ഥയില്ല. ഇതു തികച്ചും അസബംന്ധമായ കാര്യമാണ്. ഹൈക്കോടതിയില്‍ പരാജയപ്പെട്ട ഒരു കേസുമായി ഒരാള്‍ക്ക് ജില്ലാ കോടതിയെ സമീപിക്കാനാവുമോ എന്നും കോടതി ചോദിച്ചു.
ഇത്തരത്തില്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമാന്തരമായി ദയാഹര്‍ജി നല്‍കുന്നത് തികച്ചും ഗൗരവമേറിയ വിഷയമാണ്. ഇവര്‍ രണ്ടുപേരും ദയാഹര്‍ജി തള്ളിയാല്‍ അയാള്‍ വീണ്ടും ദയാഹര്‍ജിയുമായി മറ്റൊരു കോടതിയിലേക്ക് പോകും. അതും തള്ളിയാല്‍ അയാള്‍ വീണ്ടും ദയാഹര്‍ജി സമര്‍പ്പിക്കും. ഈ രീതി തുടര്‍ന്നുകൊണ്ടേയിരിക്കുമെന്നും കേസ് ഒരിക്കലും അവസാനിപ്പിക്കാവില്ലെന്നും കോടതി വ്യക്തമാക്കി.