യു.എ.ഇ.യില്‍നിന്ന് ഖത്തറി പൗരന്മാരുടെ ഒട്ടകങ്ങളെ ദോഹയിലെത്തിച്ചു

ദോഹ: യു.എ.ഇ.യി ല്‍ നിന്ന് ഖത്തറികളുടെ ഒട്ടകങ്ങളെ സുരക്ഷിതമായി ദോഹയിലെത്തിച്ചു.

അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ നിര്‍ദേശപ്രകാരമായിരുന്നു യു.എ.ഇ.യില്‍ നിന്ന് ഒട്ടകങ്ങളെ സമുദ്രമാര്‍ഗം ദോഹയിലെത്തിച്ചത്.

നാനൂറിലധികം ഒട്ടകങ്ങള്‍ ദോഹയിലേക്കുള്ള യാത്രയ്ക്കായി ഒമാനില്‍ എത്തിയിട്ടുണ്ട്.

ഇവയെ സുരക്ഷിതമായി എത്തിക്കാനുള്ള അമീറിന്റെ നടപടിയെ ഒട്ടക റേസ് സംഘാടക സമിതി ചെയര്‍മാന്‍ ശൈഖ് ഹമദ് ബിന്‍ ജാസ്സിം ബിന്‍ ഫൈസല്‍ അല്‍താനി പ്രശംസിച്ചു.

ഒമാനും ഖത്തറും തമ്മിലുള്ള മികച്ച സഹകരണത്തിലാണ് ഒട്ടകങ്ങളെ ദോഹയിലെത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഒമാനി ഒട്ടക റേസ് ഫെഡറേഷന്‍ മേധാവി സയീദ് അല്‍ ഗഫെയ്‌ലി, ഒമാന്‍ ഹോക്കി ഫെഡറേഷന്‍ മേധാവി അബ്ദുല്ല അല്‍ ജാബരി എന്നിവരും ഖത്തറിന്റെ ഒട്ടക റേസിങ് കമ്മിറ്റിയും തമ്മിലുള്ള സഹകരണമാണ് ഒട്ടകങ്ങളെ സുരക്ഷിതമായി എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഒമാനിലെ ഖത്തര്‍ എംബസിയുടെയും ഖത്തറിലെ ഒമാന്‍ എംബസിയുടെയും ഇടപടെലുകളെയും അദ്ദേഹം പ്രശംസിച്ചു.

എന്നാല്‍ സൗദിയിലെ ഖത്തറി ഒട്ടകങ്ങളെ സൗദി അധികൃതര്‍ അതിര്‍ത്തിക്ക് പുറത്താക്കിയതിനെ തുടര്‍ന്ന് 25,000 ത്തോളം ഒട്ടകങ്ങള്‍ 400 കിലോമീറ്റര്‍ മരുഭൂമി താണ്ടിയാണ് ദോഹയിലെത്തിയത്.

ഭക്ഷണവും വെള്ളവും ഇല്ലാതെ ചില ഒട്ടകങ്ങളുടെ ജീവന്‍ നഷ്ടമാവുകയും ചെയ്തിരുന്നു. നിരവധി ഒട്ടകങ്ങളെ കാണാതെ പോവുകയും ചെയ്തു.

Top