യു എസില്‍ പ്രക്ഷോഭം വ്യാപിക്കുന്നു; നിരവധി പേര്‍ അറസ്റ്റില്‍

ന്യൂയോര്‍ക്ക്: കറുത്ത വര്‍ഗക്കാരനെ കഴുത്തു ഞെരിച്ച് കൊന്ന സംഭവത്തിനുത്തരവാദിയായ പോലീസ് ഉദ്യോഗസ്ഥനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയെ തുടര്‍ന്ന് യു എസില്‍ പ്രക്ഷോഭം തുടരുന്നു. കോടതി വിധിക്ക് ശേഷം ഇന്നലെ രണ്ടാം ദിവസവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ പ്രതിഷേധ പരിപാടികളാണ് അരങ്ങേറിയത്. കനത്ത പോലീസ് സാന്നിധ്യത്തില്‍ മാന്‍ഹാട്ടനിലും ടൈംസ്‌ക്വയറിലുംനടന്ന പ്രതിഷേധ റാലിയില്‍ ആയിരങ്ങളാണ് അണിനിരന്നത്.

ഹെലികോപ്ടറുകളുപയോഗിച്ച് പ്രക്ഷോഭകരെ പോലീസ് വ്യോമ നിരീക്ഷണം നടത്തി. സ്ഥിതിഗതികള്‍ കൈവിട്ടുപോകുമെന്ന ഘട്ടം വരെയെത്തിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിഷേധവുമായി ബന്ധപ്പെട്ട് 83 പേരെ പോലീസ് അറസ്റ്റ് ചെയ്തു. വാഷിംഗ്ടണ്‍ ഡി സിയില്‍ സുപ്രധാന ഹൈവേ പ്രക്ഷോഭകര്‍ ഉപരോധിച്ചു. ഓസ്റ്റിനിലെ ക്യാമ്പസിലും വന്‍ പ്രതിഷേധം അരങ്ങേറി. ഇവിടെ 200 പ്രക്ഷോഭകരെ പോലീസ് കസ്റ്റഡിയിലെടുത്തു. പല സ്ഥലങ്ങളിലും ഹൈവേകളില്‍ വാഹനങ്ങള്‍ക്കിടയിലൂടെ പ്രക്ഷോഭകര്‍ മുന്നോട്ട് നീങ്ങിയത് ഗതാഗത സ്തംഭനത്തിനിടയാക്കി. 42 സ്ട്രീറ്റിലും സെവന്‍ത്ത് അവന്യൂവിലും പ്രക്ഷോഭകര്‍ ഒത്തുകൂടി. നിങ്ങള്‍ ആരെയാണ് സംരക്ഷിക്കുന്നതെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രതിഷേധക്കാര്‍ മുന്നോട്ട് നീങ്ങിയത്.

മാന്‍ഹാട്ടന് പുറമെ ബ്രൂക്‌വലിനിലും മിന്നാപോളിസിലും പ്രതിഷേധത്തെ തുടര്‍ന്ന് ഗതാഗത സ്തംഭനമുണ്ടായി. നികുതിയടയ്ക്കാത്ത സിഗരറ്റ് ചില്ലറ വില്‍പ്പന നടത്തിയ കേസില്‍ പിടിയിലായ കറുത്ത വര്‍ഗക്കാരന്‍ എറിക് ഗാര്‍ണറെ കഴുത്തിന് പിടിച്ച് പോലീസ് ശ്വാസം മുട്ടിച്ച് കൊല്ലുന്ന വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. ഈ കേസിലാണ് പോലീസ് ഉദ്യോഗസ്ഥന്‍ ഡാനിയല്‍ പന്റാലിയോ കുറ്റക്കാരനല്ലെന്ന് ജൂറി വിധിച്ചിരിക്കുന്നത്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ 20 മനുഷ്യാവകാശ സംഘടനകളുടെ നേതാക്കള്‍ ന്യൂയോര്‍ക്കില്‍ ഒത്തുകൂടി. ഈ മാസം 13 ന് വാഷിംഗ്ടണില്‍ വര്‍ണവിവേചനത്തിനെതിരെ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് സംഘടനാ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എറിക് ഗാര്‍ണര്‍ കൊല്ലപ്പെട്ട കേസിലുണ്ടായിരിക്കുന്ന വിധി നീതിയുടെ പരിഹാസമാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ മാര്‍ക് മൊറിയല്‍ കുറ്റപ്പെടുത്തി. അതേസമയം പ്രക്ഷോഭകരെ നിരീക്ഷിക്കാന്‍ പോലീസ് വ്യാപകമായി സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്.

Top