യുഡിഎഫ് കോഴിക്കോട് ജില്ലാ കണ്‍വീനര്‍ സ്ഥാനം ജെഡിയുവിന് നല്‍കാന്‍ തീരുമാനം

കോഴിക്കോട്: യുഡിഎഫ് കോഴിക്കോട് ജില്ലാ കണ്‍വീനര്‍ സ്ഥാനം ജെഡിയുവിന് നല്‍കാന്‍ യുഡിഎഫ് നേതൃയോഗത്തില്‍ ധാരണയായി. ഒപ്പം പാലക്കാട് തോല്‍വി സംബന്ധിച്ച റിപ്പോര്‍ട്ട് പരിഗണിക്കാമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

ഇപ്പോഴുള്ള കണ്‍വീനറായ മുസ്ലീം ലീഗ് നേതാവിനെ ജില്ലാ വര്‍ക്കിങ് ചെയര്‍മാനായും നിയോഗിച്ചു. യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചനാണ് ഇക്കാര്യം അറിയിച്ചത്.

പാലക്കാട് തോല്‍വി സംബന്ധിച്ച് അച്ചടക്ക നടപടി എടുക്കുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നും ഇതിനായി പ്രത്യേക യോഗം വിളിക്കാമെന്നും യോഗത്തില്‍ തീരുമാനമുണ്ടായി.

യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ അടുത്തമാസം ആറിന് കൊച്ചിയില്‍ നടത്താനനും യുഡിഎഫ് യോഗത്തില്‍ തീരുമാനമായി. എ.കെ.ആന്റണിയായിരിക്കും കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുക.

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വീതംവെയ്പ് ചര്‍ച്ച താഴെത്തട്ടില്‍ നടത്താനും യോഗത്തില്‍ തീരുമാനമുണ്ടായി. യുഡിഎഫ് ഐക്യത്തോടെ മുന്നോട്ട് പോകണമെന്നും ഘടകക്ഷികള്‍ക്ക് നല്‍കുന്ന സീറ്റില്‍ വിമതര്‍ ഉണ്ടാകരുതെന്നും യോഗത്തില്‍ നിര്‍ദേശമുണ്ടായതായി യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പുതിയ പാര്‍ട്ടികളെയൊന്നും യു.ഡി.എഫില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടില്ലെന്നും പി.പി തങ്കച്ചന്‍ പറഞ്ഞു. ആര്‍.എം.പിയെയും യു.ഡി.എഫില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top